Sunday, September 7, 2008

പൂത്തിരി പോറിഞ്ചു

ഏങ്ങണ്ടിയൂരിലെ ഒരു പൂരക്കാലത്ത്‌ ഒത്തുകിട്ടിയ ലീവിനു നാട്ടിലെത്തി "കൊണ്ടും, കൊടുക്കാതെയും, കിട്ടി" ഞാന്‍ നേരില്‍ അനുഭവിച്ചറിഞ്ഞതില്‍ പുറത്തുപറയാന്‍ കൊള്ളാവുന്നതില്‍ചിലതുമാത്രം ചുവടെ കുറിക്കുന്നു........"നിങ്ങളും കുറച്ചനുഭവിച്ചാലും"....

ഏങ്ങണ്ടിയൂരിലെ ജനങ്ങള്‍ ഈയിടെയായി കണികണ്ടുണരുന്നത്‌ പിരിവുകുറ്റികയ്യിലേന്തിനില്‍ക്കുന്ന പൂരകമ്മിറ്റിക്കാരെയാണ്‌

പിരിവ്‌ എന്റെ ജന്‍മാവകാശമാണെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌, പേറ്റന്റെടുത്ത്‌... ഭാസ്ക്കരേട്ടന്റെ കറവുതുടങ്ങുന്നതിനുമുമ്പേ, കൊച്ചാപ്പി പെയ്പ്പറിട്ടു തുടങ്ങുമ്പോഴേക്കും നാടുനീളെ പിരിവിനിറങ്ങുന്ന ഞാനടങ്ങുന്ന യുവജന പൂരകമ്മറ്റിക്കാര്‍ക്ക്‌ പിരിവെന്നുപറഞ്ഞാല്‍ അച്ചുമാമ്മയുടെ പാര്‍ട്ടിക്കു ഹര്‍ത്താലെടുക്കും പോലൊരു ഹരവും വെപ്രാളവുമൊക്കെയായിരുന്നു.............

കൈതമുക്ക്‌ ഗോവിന്ദന്‍ മാഷിണ്റ്റെകയ്യില്‍ നിന്ന്‌ അഞ്ചുരൂപയില്‍ കൂടുതല്‍ പിരിവുവാങ്ങിയിട്ടുള്ള ഏകകമ്മിറ്റി, പാളയംകൊടന്‍ ജോര്‍ജിണ്റ്റെ ജെര്‍മ്മന്‍ ഷെപ്പേടിനെപോലും വകവെക്കാതെ പിരിവെടുത്തവര്‍.......‍...

ഇത്രയേറെ വിജയവീരചരിതങ്ങളുണ്ടെങ്കിലും .......ഇതേവരെ ഞങ്ങളുടെ പിരിവു കുറ്റിയില്‍ പേരെഴുതുവാന്‍ ഇടം തരാത്ത ഒരേഒരുവ്യക്തിയേ ഏങ്ങണ്ടിയൂരുള്ളൂ.........ആ ഏരിയയിലെ മുതിര്‍ന്ന എക്സ്‌ ഗള്‍ഫുകാരനായ "പൂത്തിരി പൊറിഞ്ചേട്ടന്‍".....പിരിവുകാര്‍ക്കൊരുബാലികേറാമൌണ്ടെയിന്‍....

പിച്ചക്കാര്‍ പിരിവുകാര്‍ എത്തിനോട്ടക്കാര്‍ എന്നീയിനങ്ങളിലറിയപ്പെടുന്ന നാട്ടിലെ ഭൂരിപക്ഷവര്‍ഗ്ഗം ആ വഴിക്ക്‌ അടുക്കാതിരിക്കാന്‍ ഒരുഗ്രന്‍ അത്സേഷ്യന്റെ നാവുനീട്ടിനില്‍ക്കുന്ന ‍ചിത്രം " കടിക്കുന്നപട്ടിയുണ്ട്‌ സൂക്ഷിക്കുക" എന്ന അടിക്കുറിപ്പു സഹിതം ഗേറ്റിനു മുന്നില്‍ ഫിക്സുചെയ്തിരിക്കുന്നു പേരിന്‌ "ഋധിക്ക്‌ രോഷന്റെ പടത്തിനു മുമ്പില്‍ ഇന്ദ്രന്‍സ്‌ പോസ്‌ ചെയ്തപോലെ" ഒരു ചൊക്ളിപ്പട്ടിയെ കെട്ടിയിട്ടിരിക്കും. പിക്കിള്‍സ്‌ മുടക്കാന്‍ ചൊക്ളീസും മതി എന്നോര്‍ത്ത്‌ ഒരുവിധപ്പെട്ട പിരിവുകാരാരും ആ ഗേറ്റുതുറന്നകത്തുകടക്കില്ല.

ഇനി അതും മറികടന്ന്‌ ആരെങ്കിലും ചെല്ലാന്‍ ദൈര്യം കാട്ടിയാല്‍ തന്നെ. "മൂപ്പരിവിടില്ല.. പുറത്തുപോയിരിക്കാ വരുമ്പോള്‍ പറയാം.." മെയ്ഡ്‌ ഫോര്‍ ഈച്ച്‌ അദര്‍ കാറ്റഗറിയില്‍ പെട്ട ഭാര്യ അന്നാമച്ചേടത്തി വാതില്‍ തുറക്കാതെ ജനല്‍ വഴി മറുപടിതരും..... ......




ഗള്‍ഫിലായിരുന്നപ്പോള്‍ കാലാകാലങ്ങളില്‍ ദൂമകേതുവന്നുപോകും പോലെ കക്ഷി ലീവിനുവന്ന്‌ ചേടത്തിക്ക്‌ ഒരു ഗര്‍ഭവും സമ്മാനിച്ച്‌ പോവുക പതിവായിരുന്നു.അത്‌ യഥാസമയം ഭാവിയില്‍ ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുടെ ഉറക്കം കെടുത്തുവാന്‍ ജാന്‍സി,ജിന്‍സി,ജെസ്സി എന്നിങ്ങനേ ജായില്‍ ഉള്ള പ്രോഡക്റ്റായി പിറക്കുകയും. അവരുടെ വളര്‍ച്ചക്കനുസരിച്ച്‌ കക്ഷിയുടെ മതിലിനു പൊക്കവും മതിലിനുമേളിലെ കുപ്പിച്ചില്ലിന്റെ എണ്ണവും എത്തിനോട്ടക്കാരുടെ എണ്ണത്തോടൊപ്പം വര്‍ദ്ധിച്ചുവന്നു.....



ഇടവേള........


ഭാഗം -2


പൂത്തിരി എന്ന സര്‍നെയിം പൊറിഞ്ചേട്ടനു സ്വന്തം കഴിവാല്‍ കിട്ടിയതല്ല. പൊറിഞ്ചുവേട്ടന്റെ അമ്മൂമയുടെ തലമുടി പൂത്തിരി പോലെ പിരിപിരിന്നായിരുന്നെന്നും കുടുബ സ്വത്ത്‌ ഭാഗം വെച്ചു വീതം കിട്ടിയതിന്റെ കൂട്ടത്തോടെ അമ്മൂമയുടെ പേരും വിഹിതംകിട്ടിയതാണെന്നും പറയപ്പെടുന്നു.............


ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ദേശത്തിനോ ഏങ്ങണ്ടിയൂര്‍ക്കാരെനെന്നനിലയില്‍ ചുറ്റുവട്ടക്കാര്‍ക്കോ കാല്‍ക്കാശിനുപകാരമില്ലെങ്കിലും എന്റെ വീട്ടിലേക്കു വഴിപറഞ്ഞു കൊടുക്കാന്‍ ഒന്നാംതരം റഫറന്‍സായിരുന്നു കക്ഷി.....ഏങ്ങണ്ടിയൂര്‍‍ സെന്ററില്‍ ബസ്സിറങ്ങി പൂത്തിരി പൊറിഞ്ചൂന്റെവീടേന്നു നാലാമത്തെ വീടെന്നു പറഞ്ഞാല്‍ ഏതു ഓട്ടോക്കാരനും വീടിന്റെ പടിക്കലിറക്കിത്തരും...അഥവാ ആളവിടെ നില്‍പ്പുണ്ടെങ്കില്‍ മാത്രം രണ്ടു പടി അപ്പുറത്തേ നിര്‍ത്തൂ.....

നാട്ടില്‍ ഞാന്‍ കിഴക്കുപടിഞ്ഞാറു നടക്കുന്നകാലത്തു പൊറിഞ്ചേട്ടന്‍ ഗള്‍ഫിലായിരുന്നു.....അങ്ങോരു ഗള്‍ഫുമതിയാക്കി പെര്‍മനന്റ്‌ നാട്ടുസെറ്റപ്പായപ്പോഴേക്കും വീട്ടുകാരെന്നെ ഗള്‍ഫിലേക്കു പാഴ്സല്‍ ചെയ്തിരുന്നു.......... .


ആകെ രണ്ടുതവണയേ വളരെകാലം മുന്‍പ്‌ അങ്ങോരുടെ ഒരുലീവുകാലത്ത്‌ എന്നോടു മിണ്ടിയിട്ടുള്ളൂ....അതു മൂത്തമകള്‍ ജാന്‍സിയെനോക്കി അറിയാതെ ഞാന്‍ കണ്ണിറുക്കിയത്‌ കമന്റടിക്കാണെന്ന്‌ തെറ്റിധരിച്ച്‌ മലയാളത്തിലെ നിത്യോപയോഗം കൂടുതല്‍ ഉള്ള പദാവലി ഉപയോഗിച്ച്‌ ഉപദേശിക്കാന്‍ .......

അതിനുശേഷം ജാ പ്രൊഡക്ഷനുകളോടുള്ള താല്‍പര്യവും ഇടക്ക്‌ മതിലിനു പുറത്തേക്കു ചാഞ്ഞുനില്‍ക്കുന്ന പൊറിഞ്ചേട്ടണ്റ്റെ വളപ്പിലെ പേരക്കകള്‍ പൊട്ടിക്കണമെന്ന ആഗ്രഹവും എന്നന്നേക്കുമായി ഉപേക്ഷിച്ചു......".ച്ചുമ്മാ... എന്തിനാണു നമ്മളായിട്ടു അങ്ങോരുടെ നാക്കിനു പണികൊടുക്കുന്നത്‌"

പതിവുപോലെ ഒരു പിരിവുകാല സായാന്നത്തില്‍ പൊറിഞ്ചുവേട്ടന്റെ വീട്ടില്‍ പിരിവിനുപോയവരുടെ കഥനകഥകളും പിരിവിനുപോകാന്‍ തയ്യാറെടുത്തു കച്ചമുറുക്കുന്നവരുടെ ഗൂഡാലോചനകളും ചര്‍ച്ചാവിഷയമായിവന്നപ്പോള്‍ ഇതെല്ലാം വളരെനിസാരമാണെന്ന എന്റെ അഭിപ്രായത്തെ അവഗണിച്ചു സംസാരിച്ചത്‌ എന്റെ ഇമേജിനേറ്റ കുറച്ചിലായി എനിക്കു തോന്നുകയും

അതുകൊണ്ടുതന്നെ... "പണ്ടോണക്കാലത്തു പട്ടത്തിന്റെ വാലരിയാന്‍ നടന്ന നിക്കറൂ പയ്യനല്ലെന്നും......പട്ടാണിയെപ്പോലും നിലക്കുനിര്‍ത്തുന്നതു കൂടാതെ പരല്‍ മീന്‍ പോലെ വെളുവെളാന്നിരിക്കുന്ന ഫിലിപ്പിനോ സെക്രട്ടറിയും സ്വന്തമായുള്ള ഗള്‍ഫിലെ ഒരു കുണ്‍സ്രാലാണെന്നും" കാണിക്കാന്‍ പൊറിഞ്ചേട്ടന്റെ വീട്ടില്‍ പോയിപിരിക്കണമെന്ന ദൌത്യം മുന്‍കൈ എടുത്ത്‌ വെല്ലുവിളിയായി കൂട്ടുകാര്‍ക്കുമുന്‍പിന്‍ വാശിയോടെ ഞാനേറ്റെടുക്കുകയായിരുന്നു..............

എന്നില്‍ കൊന്‍ഫിഡെന്റ്‌ തോന്നിയ കോപ്പന്‍ രാജുവും ഗ്ളാമര്‍കണ്ണനും സോണിയും ഒഴികെ എല്ലാവരും എന്റെ വെല്ലുവിളിക്കെതിരെ പന്തയം വെച്ചു....."പൊറിഞ്ചേട്ടന്റെ കയ്യില്‍നിന്നു പത്തോ അതില്‍ കൂടുതലോ കിട്ടിയാല്‍ ബാലേട്ടന്റെ കടയില്‍ നിന്ന്‌ തോറ്റാളുടെ ചിലവില്‍ ഇഷ്ടമുള്ളതുവരെകഴിക്കാം".

കൂടാതെ പങ്കെടുത്തവരില്‍ മൂക്കിനു കീഴെ രോമ്മം ഉള്ളവര്‍ അതുവടിക്കും. "ആണെന്നു പറയപ്പെടാന്‍ തനിക്കാകെയുള്ള സബത്ത്‌ ഗീത ടാക്കീസ്സില്‍ സെക്കന്റ്‌ ഷോക്ക്‌ അവിടെയിവിടെയായി ഇരിക്കുന്ന ആളുകളെപ്പോലെ കിളിര്‍ത്തുനില്‍ക്കുന്ന ഈ രോമങ്ങള്‍മാത്രമാണെന്നുള്ള തിരിച്ചറിവായിരിക്കണം" എന്റെകൂടെ എന്തിനും കൂട്ടുനില്‍ക്കുന്ന സുബ്രുവിനെ എതിര്‍പക്ഷം പിടിക്കാന്‍ പ്രേരിപ്പിച്ചത്‌......

അതിനു മുമ്പേ ചിലര്‍ പിരിവിനു തയ്യാറായി നിന്നിരുന്നു......
അതില്‍ ചിലര്‍ ബാലേട്ടന്റെ കടയില്‍ അവയ്ളഭിളായിട്ടുള്ള ഫുണ്ടിനെകുറിച്ചും മറ്റുചിലര്‍ നേരം വൈകിയാല്‍ കഴിഞ്ഞുപോകുന്ന ഐറ്റത്തെകുറിച്ചുമുള്ള ചര്‍ച്ചയിലാണ്‌.

ഇനി ഏതെങ്കിലും എക്സ്ക്ക്യൂസു പറഞ്ഞൊഴിയാന്‍ നിന്നാല്‍ ഗള്‍ഫുകാരുടെ മൊത്തം ഇമേജിനെ അതുബാധിച്ചാലോ എന്നുകരുതി....മുന്‍പില്‍ അല്ലാതെ ഒന്നുരണ്ടു പേരുടെ പുറകിലായി ഏതു ദൈവത്തെ വിളിച്ചു.... എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്നു മനസില്‍ ചിന്തിച്ചുകൊണ്ട്‌ കൂട്ടത്തോടെ പൊറുഞ്ചേട്ടന്റെ വീട്ടിലേക്കുനീങ്ങി.

"പണ്ടത്തെ പേരക്കാമരമെല്ലാം ഇപ്പോള്‍ തഴച്ചു വളര്‍ന്നിട്ടുണ്ടാകും!!!"...


ഭാഗം - 3

പൊറുഞ്ചേട്ടന്റെ ഗേറ്റിനുമുന്നിലെത്തിയപ്പോള്‍ "പണ്ട്‌ എട്ടാം ക്ളാസ്സിലായിരുന്നകാലത്ത്‌ സാമൂഹ്യപാഠം പരീക്ഷ എഴുതാന്‍ പോയി കൊസ്റ്റന്‍ പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ മാത്രം അന്ന്‌ മാത്സ്‌ പരീക്ഷയാണെന്നു തിരിച്ചറിയുകയും എന്തു ചെയ്യണമെന്നറിയാതെ രണ്ടുമണിക്കൂറ്‍ വസന്തടീച്ചറുടെ മുഖത്തേക്കു അന്തം വിട്ടുനോക്കിയിരുന്ന അതേ അവസ്തയില്‍ ഗേറ്റിലേക്കു നോക്കിനിന്നു"

സുബ്രു ഗേറ്റുതുറന്നു ചാവാലിപട്ടി ഡ്യൂട്ടിതുടങ്ങിയപ്പോഴാണ്‌ പൊറുഞ്ചേട്ടന്റെ വീട്ടുമുന്നിലെത്തിയവിവരം സ്വബോധത്തോടെ മനസ്സിലാക്കിയത്‌.

പൂമരം ട്രിമ്‌ ചെയ്തുകൊണ്ടിരിക്കുന്ന പൊറുഞ്ചേട്ടനെ ഗേറ്റിന്റെ അവിടെനിന്നാല്‍ കാണാം.

മുന്നില്‍ നടന്നിരുന്ന സോണിയെ കണ്ട്‌ "ഇതെന്താ പതിവില്ലാതെ ഇയ്യാള്‍ ഗേറ്റുതുറന്ന്‌ വരുന്നതെന്ന്‌" മനസ്സിലോര്‍ത്ത്‌ പട്ടി അന്തം വിട്ടു വായും പൊളിച്ച്‌ നിന്ന ഗ്യാപില്‍ ക്ളബ്ബിലെ ഫോര്‍വേഡായ സുബ്രു മുന്നോട്ട്‌ നീങ്ങി. കൂടെ പട്ടിയെകെട്ടിയ ചങ്ങലയുടെ ഡയമീറ്റര്‍ ഏകദേശം കാല്‍കുലേറ്റ്‌ ചെയ്ത്‌ സേഫ്‌ ഡിസ്റ്റന്‍സില്‍ LIC ഏജണ്റ്റുമാരുടെ കള്ളച്ചിരിയുമായി ഞാനും, കടിക്കുന്നേല്‍ കടിക്കട്ടെ ഒന്നുമില്ലേലും പൊറിഞ്ചേട്ടന്റെ മുതലല്ലേ എന്നോര്‍ത്ത്‌ സോണിയും അകത്തേക്ക്‌ നടന്നു...

അപ്പോഴും പൊറിഞ്ചേട്ടണ്റ്റെ "ടൈഗര്‍" സോണിയുടെ പതിവിനു വിപരീതമായുള്ള ഗേറ്റുതുറന്നുള്ള വരവിനെകുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കായിരുന്നു.

അകലെനിന്നേ ഞങ്ങളെ തിരിച്ചറിഞ്ഞു "ഇങ്ങനെ എത്ര പിരിവുകാരെ കണ്ടിരിക്കുന്നു എന്നഒറ്റ നോട്ടത്തോടെ" പഴയതിലും ശുഷക്കാന്തിയോടെ ട്രിമ്മിംഗ്‌ കഡിന്യൂചെയ്തുകൊണ്ടിരുന്ന പൊറുഞ്ചേട്ടനോട്‌ മുഖവുരയില്ലാതെ ആദ്യം തുടക്കം കുറിച്ചത്‌ ഞാന്‍ തന്നെയായിരുന്നു. അല്‍പം കനത്തില്‍ എന്നാല്‍ വളരെയധികം വിനയവും എളിമയും മിക്സ്‌ ചെയ്തു

"പൊറിഞ്ചേട്ടന്‍ പൂമരം വെട്ടുകയായിരിക്കും?"

തുടര്‍ന്നും കാവടിമുതല്‍ വെടിക്കെട്ടുവരെയുമുള്ള വിശദമായ വിവരണം കരകാട്ടത്തിനെത്തുന്ന തരുണീമണികള്‍ മുഖത്ത്‌ ചായം പൂശിയ പോലെ പൊലിപ്പിച്ചു, പത്തുരൂപ മാത്രം മനസ്സില്‍ കണ്ടുകൊണ്ട്‌ ഒറ്റശ്വാസത്തില്‍ വിസ്തരിച്ചു പറഞ്ഞു തീര്‍ത്തു.

കയ്യില്‍ നിന്ന്‌ നോട്ടീസ്സുവാങ്ങിവായിക്കുകയും അതിനിടയില്‍ ഇടക്കിടെ കക്ഷം ചൊറിയുമ്പോഴും, ഉടുമുണ്ടു അരയില്‍ തിരുകി ടൈറ്റു ചെയ്യ്‌തപ്പോഴും പ്രതീക്ഷയോടെ ആമുഖത്തേക്ക്‌ മാത്രം ഉറ്റുനോക്കി "പെനാല്‍റ്റി ഷൂട്ട്‌ തടുക്കാന്‍ നില്‍ക്കുന്ന ഗോളിയെപ്പോലെ" അതില്‍ കുറച്ച്‌ ആദരവുകൂടി മിക്സ്‌ ചെയ്ത്‌ അല്‍പ്പം മാറിനിന്നു.

ഇന്നാ..ഇരുപതുരൂപയെടുത്തിട്ടു ബാക്കിതാ...."പൊറുഞ്ചേട്ടന്‍ ഒരു നൂറു രൂപനോട്ടെടുത്ത്‌ എന്റെ നേര്‍ക്കുനീട്ടി..... ദൈവമേ...പറ്റിക്കാനാണോ...?...നോട്ടുവാങ്ങാതെ മടിച്ചു കുറച്ചുനേരം ചിന്തിച്ചു നിന്നെങ്കിലും പൊറുഞ്ചേട്ടന്‍ സീരിയസ്സായിട്ടാണെന്നു മനസ്സിലാക്കി, മുഖത്ത്‌ കുറച്ചു ഗൌരവം വരുത്തി, ഇരുപതു രൂപ വെറുതെയൊന്നും തരുന്നതല്ലല്ലോ നന്നായി വന്ന് ഇരന്നിട്ടല്ലെ...? എന്ന ഭാവത്തില്‍ വാങ്ങി എണ്‍പതുരൂപ തിരികെ കൊടുത്തു.

പിന്നിടെല്ലാം യാന്ത്രികമായിരുന്നു, അതിനാല്‍ ഇരുപതുരൂപതന്ന്‌ എന്റെ മാനം കാത്ത ആ മഹാപ്രദിഭയോടു താങ്ക്സ്‌ പോലും പറയാതെ പുറത്തേക്കിറങ്ങി.
ഗേറ്റില്‍ ഉണ്ടായിരുന്ന ശ്വാനന്‍ അപ്പോഴും സോണിയെ തന്നെ നോക്കിയിരിപ്പായിരുന്നു..."ഇയ്യാള്‍ എന്താ പതിവില്ലാതെ ഗേറ്റുതുറന്ന്‌...... "

വെളിയിലെത്തിയതോടെ എല്ലാരും ഒരുവട്ടം ആ നോട്ടുകാണാനുള്ള ആഗ്രഹത്തില്‍ തിരിച്ചും മറിച്ചും കൈമാറി നോക്കികൊണ്ടിരുന്നു. ഒത്തനടുക്ക്‌ ചെറിയകീറലുണ്ടെന്നൊഴിച്ചാല്‍ പുത്തന്‍ പുതിയ പിടക്കുന്ന നോട്ട്‌. “പിരിവുകിട്ടിയ നോട്ടിണ്റ്റെ കീറല്‍ എണ്ണിനോക്കരുതെന്നാണല്ലോ“...

ക്ലബിലെ പിരിവ്‌ ആക്ടുപ്രകാരം അയ്യായിരത്തില്‍ കൂടുതല്‍ പണം പിരിച്ചുകിട്ടിയാലതു ബാങ്ക്‌ അക്കൌണ്ടില്‍ കൊണ്ടിടണമെന്നതുകൊണ്ടും അയ്യായിരം തികഞ്ഞതുകൊണ്ടും പിറ്റേന്നുതന്നെ പിരിവു പണവുമായി സഹകരണ ബാങ്കിലേക്കുപോയി.

പണം കൊടുത്തേറെ കഴിഞ്ഞിട്ടും കബിക്കൂട്ടിലിരുന്നു എന്നെ മാത്രം സൂക്ഷിച്ചു നോക്കി നില്‍ക്കുന്ന കണ്ണടവെച്ച ആവശ്യത്തിനു സൌദര്യമുള്ള തടിച്ച ലേഡി ക്യാഷ്യര്‍ ഏതോ പരിചയം കൊണ്ടു നോക്കിയതാണെന്നു ആദ്യം കരുതിയെങ്കിലും. തുടര്‍ന്ന്‌ മാനേജറും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങിയപ്പോള്‍ സംഗതി ഏതാണ്ടുറപ്പായി..........

അകത്തു ക്യാബിനിലേക്കു വിളിക്കുന്നതിനു മുന്‍പ്‌ കേറിച്ചെന്ന എന്നോട്‌ വളരെ വിനയത്തോടെ കള്ളനു കുബസാരതെറ്റു തിരുത്തുന്ന പള്ളീലച്ചനെ പോലെ.....".ദയവായി ഇത്തരം നോട്ടുമായി ഇവിടേക്കു വരരുതെന്ന്‌" പറഞ്ഞു തുടങ്ങിയെങ്കിലും. ...ഇനി ഇതാവര്‍ത്തിച്ചാല്‍ പോലീസ്സിനെ വിളിക്കുമെന്നു പറഞ്ഞ്‌ ഒരു നൂറിന്റെ നോട്ടെടുത്ത്‌ നീട്ടിയത്‌ തികച്ചും കവല ചട്ടമ്പി സ്റ്റയ്‌ലില്‍.

ദൈവമേ..കള്ളനോട്ടോ..?

നോട്ടെടുത്തു തിരിച്ചും മറിച്ചും നോക്കി ഒത്തനടുക്ക്‌ ചെറിയകീറലുള്ള പുത്തന്‍ നൂറിന്റെ നോട്ട്‌...കര്‍ത്താവേ..ഇന്നലെ പൊറുഞ്ചേട്ടന്‍ പിരിവുതന്ന നോട്ടല്ലേ ഇതു......

നൂറിന്റെ വേറെ നോട്ടുകൊടുത്ത്‌ പൈസ ഡെപ്പോസിറ്റു ചെയ്ത്‌ ബാങ്കില്‍ നിന്നിറങ്ങിപ്പോന്നു വീട്ടിലെത്തിയിട്ടും പൊറുഞ്ചേട്ടന്‍ പറ്റിച്ചതിന്റെ വേദനയും ഒടുങ്ങാത്ത ദേഷ്യവും ആരോടെങ്കിലും പറഞ്ഞാല്‍ എനിക്കുതന്നെ കുറച്ചിലാകുമെന്നറിയാകുന്നതു കൊണ്ട്‌ അടക്കി പിടിച്ചു. പിരിവുതന്നതിനു ശേഷം താങ്ങ്ക്സ്‌ പറയാതെ ഇറങ്ങിയതു മാത്രമാണൊരു സമാധാനം.

വൈകുന്നേരമായിട്ടും മാനേജറുടെ സല്‍ക്കാരത്തിന്റെ ഹാങ്ങ്‌ഓവര്‍ മാറാതെ ഏങ്ങണ്ടിയൂറ്‍ സെന്ററില്‍ നടക്കുകയായിരുന്ന ഞാന്‍ പൊറുഞ്ചേട്ടന്റെ അനുജന്‍ ജോജ്ജിന്റെ ജൂസുകട കാണാനും അവിടെ കേറാനും തോന്നിയത്‌ ഒരു നിമിത്തം മാത്രമായിരുന്നു.

എനിക്കും ഇടക്കതിലേ വന്ന ജോസ്സുട്ടിക്കും ഓരോ പഴം ജൂസ്സു പറഞ്ഞ്‌ നടുക്കുകീറിയ പുത്തന്‍ നൂറിന്റെ നോട്ടുകൊടുത്തു ബാക്കി വാങ്ങി..........ജൂസ്സുകുടിച്ചു.......

ഈശ്വരാ .......ഈ പഴം ജൂസ്സിനു ഇത്രക്കു മധുരമോ......? ശരിയാ....നല്ലമധുരം കാര്യമറിയാതെ ജോസ്സുട്ടിയും സമ്മതിച്ചു തലകുലിക്കി.....

Friday, May 4, 2007

പുഷ്പു......

മുഖക്കുറിപ്പ്‌: ഇതൊരു കഥയോ...ഹാസ്യരചനയോ ഒന്നുമല്ല. വളരെ നാളുകള്‍ക്കുമുമ്പ്‌ ഏങ്ങണ്ടിയൂരില്‍ എനിക്കു പരിചയമുള്ള ഒരു വ്യക്തിയുടെ ചുരിങ്ങിയ കാലഘട്ടത്തിലുണ്ടായിട്ടുള്ള ചെറിയ ഒരു സംഭവമാണ്‌. വളരെ നാളുകള്‍ക്കു മുമ്പെന്നുപറയുമ്പോള്‍ രണ്ടാം ലോക മഹായുദ്ധം വരെയൊന്നും പോകേണ്ട. കിന്നാരത്തുമ്പികള്‍ നൂറുദിവസം തികച്ച്‌ ഷക്കീലചേച്ചി ഫെയ്മസായിനില്‍ക്കുന്ന ആകാലത്ത്‌...........


ഏങ്ങണ്ടിയൂരിലെ ഒരു പ്രശസ്ത തയ്യല്‍ക്കാരനായ കുട്ടപ്പേട്ടന്‍ തന്റെ ഭാര്യ തങ്കമണിയേയും മകന്‍ പുഷ്പുവിനേയും പുലര്‍ത്താന്‍ ഈ സ്വയം തൊഴിലുകൊണ്ടാകില്ല എന്നു കരുതിയാകണം എന്നും കേരളസര്‍ക്കാര്‍ ഭാഗ്യക്കുറി ശങ്കുരേട്ടന്റെ കയ്യില്‍ നിന്നും ഇടുത്തുതുടങ്ങിയത്‌.

തുന്നിക്കിട്ടുന്ന കാശിന്‌ തങ്കമണിക്കുള്ള നിര്‍മ്മ സോപ്പും, വികൊ ടെര്‍മറിക്‌ ക്രീമും വാങ്ങിയാല്‍ പിന്നെ തനിക്കുള്ള കാജാ ബിഡിക്കു പോലും പണം തികയാറില്ല.
അതിയാന്‍ കാജാ ബീഡി വാങ്ങിയില്ലെങ്കിലും തനിക്കു കാഞ്ചീപുരം വാങ്ങണമെന്ന ചിന്തയുമായിട്ടാണ്‌ തങ്കമണിയുടെ നടപ്പ്‌.......

കാലത്തു കാര്‍ത്ത്യായനീ ക്ഷേത്രത്തില്‍ സുപ്രഭാതം തുടങ്ങുന്നതിനുമുമ്പേ......അയല്‍പ്പക്കത്ത്‌ തങ്കമണിയുടെ പരദൂഷണം തുടങ്ങിയിട്ടുണ്ടാകും........... ഉച്ചപൂജക്കുമുമ്പേ ഒന്നുരണ്ടു പാര ആര്‍ക്കെങ്കിലുമിട്ടു പണിതിട്ടുണ്ടാകും.......വൈകീട്ടു ദീപാരാധനക്കുമുമ്പേ രണ്ടുമൂന്നു കുടുംബങ്ങളെങ്കിലും കലക്കാതിരിക്കില്ല.....അവിടെയെല്ലാം അടിപൊട്ടിയാലേ അന്നത്തെ ഉറക്കം തന്നെ ശരിയാകൂ......

ഈയിടെയായി തങ്കമണിക്ക്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പോരാത്തതിന്‌ തെക്കേലെ ജാനൂന്റെ മോള്‍ സ്കൂള്‍ കലോല്‍സവത്തിന്‌കലാതിലകമായി പത്രത്തില്‍ ഫോട്ടോ വന്നതില്‍ പിന്നെ തങ്കമണിക്കു ഭക്ഷണം പോലും വേണ്ടെന്നായി.


തങ്കമണിക്കിപ്പോള്‍ ഒറ്റ ചിന്തയേ ഉള്ളൂ..... തന്റെ പുഷ്പുവിന്റെയും കാലുപൊന്തിച്ചു നില്‍ക്കുന്ന പടം പത്രത്തില്‍ വരണം.

പിച്ചവെക്കുന്നതിനു മുമ്പേ കുച്ചിപുടിക്കുവിട്ടതെതായാലും നന്നായി...........ഭരതനാട്യവും മോഹിനിയാട്ടവും പഠിപ്പിക്കാന്‍ വിദ്യന്‍ മാഷെ ഏര്‍പ്പാടാക്കി......
മാര്‍ഗ്ഗം കളികുറച്ചു വശമുള്ളതിനാല്‍ അതിന്റെ ചുമതല തങ്കമണി സ്വയം ഏറ്റെടുത്തു.

നേരം ഇരുട്ടുന്നതു വരെയുള്ള പരിശീലനം വിദ്യന്‍മാഷിന്റെ വീട്ടല്‍ തന്നെയാണ്‌. മാഷിന്റെ ഭാര്യക്കു ചിലങ്കയുടെ ശബ്ദം അലര്‍ജ്ജിയായതിനാല്‍ അടുത്ത വീട്ടില്‍ നിന്നും സ്ത്രീ സീരിയലുകഴിഞ്ഞവരുവരുന്ന വരയേ പരിശീലനം ഉണ്ടാകാറുള്ളൂ.......ഏതാണ്ടീ നേരത്തു തന്നെയാണ്‌ മാതാഷാപ്പടക്കുന്നതും.......ഷാപ്പിനോടു ചേര്‍ന്നുള്ള കൈതമുക്ക്‌ സെന്ററിലെ ഇടവഴിയിലൂടെ കടന്നു വേണം പുഷ്പുവിന്‌ വീട്ടിലേക്കുപോകുവാന്‍..............


ഒരുദിവസം പരിശീലനം കഴിഞ്ഞു മടങ്ങുന്നനേരത്ത്‌ പാമ്പിനെ പേടിച്ച്‌ പുഷ്പു ചിലങ്ക അഴിച്ചില്ല. ഇന്നുപഠിച്ച ഭരതനാട്യത്തിന്റെ താളത്തില്‍ ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ എതിരേ മാതാഷാപ്പില്‍ നിന്നും സുനാമിയടിച്ചു നാട്ടുകാരെ ചീത്തവിളിച്ചു വരുന്ന വേലായുധേട്ടനെ അകലെനിന്നും ഇരുട്ടായതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. ഇത്രനാളും ചാരായം നിര്‍ത്തിയ ആന്റണിയെ തെറിവിളിച്ചിരുന്ന വേലായുധേട്ടനിപ്പോള്‍ മാതാഷാപ്പില്‍ സുനാമിവന്നതില്‍ പിന്നെ നാട്ടുകാരെയാണു തെറിവിളിക്കാറ്‌.................

താളത്തിലുള്ള ചിലങ്കയുടെ ശബ്ദം അകലെ നിന്നേ വേലായുധേട്ടന്‍ കേട്ടു.................അല്ലെങ്കിലെന്നും ചൂട്ടുകത്തിച്ചു വരാറുള്ള താനിന്നൊരു ബീഡിപോലും കരുതിയിട്ടില്ല.................തലയിലലതല്ലുന്ന സുനാമിത്തിരകള്‍ അപ്പോഴേക്കും പതിയേ ശാന്തമായിരുന്നു........
സ്വബോധം വീണ്ടെടുക്കാന്‍ പിന്നെയും കുറച്ചു സമയം വേണ്ടിവന്നു.....അപ്പോഴേക്കും ചിലങ്കയണിഞ്ഞ ഗന്ധര്‍വ്വരൂപം അടുത്തെത്താറായിക്കഴിഞ്ഞിരുന്നു...............
ഓടാന്‍ കഴിയുന്നില്ല കാലുകള്‍ തളര്‍ന്നു പോയിരിക്കുന്നു. ഒച്ചവെച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല.....എവിടെനിന്നോ കിട്ടിയ ഇത്തിരി ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ പിന്തിരിഞ്ഞോടി........ഇരുട്ടായതിനാല്‍ ഓടിക്കേറിയതോ.....കൈതച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന മുള്‍ക്കാട്ടിലേക്ക്‌...ഉണ്ടായിരുന്ന കുറച്ചു ബോധവും അതോടെ പോയി.....


പിറ്റേന്ന് പുലര്‍ച്ചക്കു കറവക്കാരന്‍ ശങ്കരേട്ടന്‍ വിളിച്ചെഴുന്നേല്‍പ്പിക്കുന്നതുവരെ അതേ കിടപ്പവിടെ കിടന്നു. വൈകാതെ തന്നെ വേലായുധേട്ടന്‍ ഗന്ധര്‍വ്വനെ കണ്ടകാര്യം എല്ലാരുമറിഞ്ഞു.......
പുഷ്പു ഇതുകേട്ട്‌ മൂക്കത്തു വിരല്‍ വച്ചുപോയി.........
ഈശ്വരന്മാരേ... ഇന്നലെ രാത്രി ഞാനും ആവഴിയിലൂടെ പോയതല്ലെ !! ഭാഗ്യത്തിനാ ഗന്ധര്‍വ്വന്മാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത്‌....!!!!!

പുഷ്പുഅതിനുശേഷം നൃത്തപരിശീലന ടൈമ്മിങ്ങില്‍ കുറച്ചുമാറ്റങ്ങള്‍ വരുത്തി..................


പുഷ്പുവിപ്പോള്‍ നന്നായി തരികിടതോം കളിക്കും.....ആ മുഖത്ത്‌ നാണത്തോടെയുള്ള ശ്രിങ്കാരം സദാസമയം തളം കെട്ടിനിന്നില്‍ക്കുന്നു.....ആരെയും ഇടം കണ്ണിട്ടേ നോക്കാറുള്ളൂ...ഇതിനിടയില്‍ വലത്തോട്ടുനോക്കി ഇമവെട്ടി മുഖം ഇടത്തോട്ടുതിരിച്ച്‌ ചുണ്ടുകള്‍ക്കൂട്ടി നാണത്തോടെ പുഞ്ചിരിക്കാനും നന്നായറിയും......പുഞ്ചിരിച്ചോടിമാറുന്നതിനിടയില്‍ ശരീരത്തിലരക്കുമുകളിലെ ആ കൈകള്‍ മാത്രമേ ചലിക്കാറുള്ളൂ.........


കലോല്‍സവത്തില്‍ മോഹിനിയാട്ടത്തിനിടക്ക്‌ പുറം കടിച്ചു ചൊറിയേണ്ടിവന്നതിലാണോ...അതോ....കുച്ചിപ്പുടിക്കിടയില്‍ കാലില്‍ ഉറുമ്പു കടിച്ചതുകൊണ്ടാണോ എന്നറിയില്ല. കലാതിലകമാകാന്‍ പുഷ്പുവിനുകഴിഞ്ഞില്ല.....!!
പുഷ്പുവിനേക്കാളേറെ ദുഖം തങ്കമണിക്കാണ്‌.......പത്രത്തില്‍ പുഷ്പുവിന്റെ പടം വരുന്നതു സ്വപ്നം കണ്ടിരിക്കാന്‍ തുടഞ്ഞിയിട്ടെത്രനാളായി.....ഇനിയാ ജാനുവിന്റെ മുഖത്തെങ്ങനെ നോക്കും......!!!!


ഈയിടക്കാണ്‌ ചിത്രഭൂമിയില്‍ പുതിയസിനിമയിലേക്ക്‌ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നും, നൃത്തമറിയുന്നവര്‍ക്ക്‌ മുന്‍ഗണന എന്നുള്ളത്‌ തങ്കമണി വായിക്കാനിടയായത്‌. അതില്‍ പിന്നെ പത്രത്തിലല്ല ടിവിയില്‍ പുഷ്പു കാലുപൊക്കി നൃത്തം വക്കുന്നതു കാണണമെന്നായി തങ്കമണിക്ക്‌.


നാളെകാലത്ത്‌ കോഴിക്കോട്‌ നന്ദനം ലോഡ്‌ജിലാണ്‌ ഇന്റര്‍വ്യൂ.........
വടക്കോട്ട്‌ ഗുരുവായൂരിനപ്പുറം ഇതുവരെ കണ്ടിട്ടില്ലാത്ത പുഷ്പു സിനിമ മനസ്സിലും അഭിനയിക്കുന്നത്‌ സ്വപ്നവും കണ്ട്‌ കോഴിക്കോട്ടേക്കുള്ള പാസ്റ്റ്‌ പാസഞ്ജറില്‍ കേറിപുര്‍പ്പെട്ടു............


കോഴിക്കോട്ട്‌ ബസ്റ്റാണ്ടില്‍ ഇറഞ്ഞിയതുമുതല്‍ക്കേ ആളുകളുടെ ചോര കുടിക്കുന്ന നോട്ടം കണ്ട്‌ പുഷ്പു മനസ്സില്‍ പറഞ്ഞു......"കശ്മലന്മാര്‍ അമ്മയും പെങ്ങന്മാരും ഒന്നും ഇല്ലേ നിങ്ങള്‍ക്ക്‌".......!!!!!!


ബസ്റ്റാന്റില്‍ നിന്നും ഓട്ടോ സ്റ്റാന്റിലേക്കു കടക്കുന്ന വഴിയുടെ വളവിലെത്തിയപ്പോള്‍........ഒരു പച്ച സിലോക്കാര്‍ പുഷ്പുവിന്റെ മുന്നില്‍ വന്നു ചവിട്ടി....ചുവന്നുതുടുത്ത മൂന്നു മസിലുള്ള ചെറുപ്പക്കാരതിലിരിക്കുന്നു.....!!
" എവിടേക്കാണ്‌.."!! ഡ്രൈവ്വുച്ചെയ്യുന്ന താടിവെച്ചയാള്‍ പുഷ്പുവിനോടുചോദിച്ചു......
" നന്ദനം ലോഡ്‌ജിലേക്ക്‌......"
" എന്നാല്‍ കേറിക്കോളൂ....... ഞങ്ങളും അങ്ങോട്ടാ....!!!!"
പുഷ്പുവിനു ചിന്തിക്കാന്‍ വേറൊന്നുമുണ്ടായില്ല. ഇത്രക്കു നല്ല ആളുകളാണോ...കോഴിക്കോട്ടുകാര്‍......?

പിന്‍വാതില്‍ തുറന്ന് കയ്യിലിരിക്കുന്ന ചെറിയ ബാഗോടെ പുഷ്പു വണ്ടിയിലേക്കിരുന്നു....ഇവരെകണ്ടിട്ട്‌ ഇവരും സിനിമയിലേക്കു പോകുന്നവരാണെന്നു തോന്നുന്നു.......ചുണ്ടുകള്‍കൂട്ടിപിടിച്ച്‌ പുഷ്പു നന്നായവരോടു പുഞ്ചിരിച്ചു...


എന്നാല്‍ കോഴിക്കോട്ടുകാരെക്കുറിച്ച്‌ ഇതുവരെ ധരിച്ചുവച്ചിരുന്ന ധാരണകളെല്ലാം തകര്‍ക്കുന്ന രീതിയിലായിരുന്നു തുടര്‍ന്നുള്ള അവരുടെ പ്രതികരണം.

അവസാനം തന്റേതുമാത്രമായ നഖങ്ങളും പല്ലും ഉപയോഗിച്ച്‌ പൊരുതി കാറിന്റെ ഡോര്‍ തുറന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ടു പുറത്തിറങ്ങി സ്റ്റാന്റിലേക്കോടി.........വന്ന ബസ്സതാ തിരിച്ചു പുറപ്പെടാന്‍ റെഡിയായിനില്‍ക്കുന്നു....
ഒന്നും ചിന്തിച്ചില്ല അതില്‍ കേറിയിരുന്നു. അന്നത്തോടെ പുഷ്പുവിന്റെ സിനിമാ സ്വപ്നങ്ങളും അസ്തമിച്ചു........


ഈയിടക്കാണ്‌ ശങ്കുരേട്ടന്റെ കയ്യില്‍ നിന്നെടുത്ത കേരളസര്‍ക്കാര്‍ ഭാഗ്യക്കുറിയില്‍ കുട്ടപ്പേട്ടന്‌ ഒന്നരലക്ഷം രൂപയടിച്ചത്‌. ഓട്ടോക്കാരന്‍ സുകുവേട്ടന്റെ ഉപദേശം പുഷ്പുവിനുകിട്ടുന്നതും ഈനേരത്തു തന്നെ. ആല്‍ബങ്ങളെല്ലാം കത്തിനില്‍ക്കുന്ന ഈ സമയത്ത്‌ സ്വന്തമായിട്ടൊരാല്‍ബമിറക്കുക....!!!
തങ്കമണിയുടെ സപ്പോര്‍ട്ടോടെ പുഷ്പു വിവരം കുട്ടപ്പേട്ടനെ ധരിപ്പിച്ചു. അവസാം, ആല്‍ബത്തിനുവേണ്ടി ലോട്ടറി അടിച്ചതിന്റെ പകുതിചിലവാക്കാന്‍ കുട്ടപ്പേട്ടന്‍ തയ്യാറായി...........


അഭിനയവും സംവിധാനവും സ്വന്തമായി ചെയ്യാം അതിനു ചിലവില്ല. ആല്‍ബനിര്‍മ്മാരണാര്‍ത്ഥം പുഷ്പു എന്ന പേരുമാറ്റി പുയൂഷ്‌ എന്നാക്കി. കാമറാമേനായി അത്യാവശം കല്ല്യാണങ്ങള്‍ക്കൊക്കെ ലൈറ്റു പിടിച്ചു പരിചയമുള്ള കിഷോറിനെ ഏര്‍പ്പാടാക്കി. ഗാനാലാപനത്തിനായി പള്ളിയിലത്യാവശം പാടിപരിചയമുള്ള തോമസിനെ പിടിച്ചു. ഗാനരചനയും കമ്പോസ്സിഗും ആള്‍തന്നെയേറ്റു.അതുവരെ മന്നിങ്ങ തോമാസെന്നറിയപ്പെട്ടിരുന്ന തോമാസ്സും പേരുമാറ്റി...തോംസണ്‍ ഏങ്ങണ്ടിയൂരായി........

ഇനിയൊരു നടിയെ കിട്ടണം. അതിനു ഓട്ടോക്കാരന്‍ സുകുവേട്ടനെ തന്നെ ഏര്‍പ്പാടാക്കി.......രണ്ടുദിവസത്തിനകം തന്നെ സുകുവേട്ടന്‍ നടിയെ ഒപ്പിച്ചു. കോട്ടയംകാരി വസന്ത.


പ്രായമിത്തിരി ഓവറാണെങ്കിലും സുകുവേട്ടനു നേരത്തേ പരിചയമുള്ളതുകൊണ്ടും ഈ ബഡ്‌ജറ്റിനിത്രക്കേ കഴിയൂ എന്നുള്ളതുംകൊണ്ട്‌ വസന്തയെ തന്നെ ഫിക്സ്സുചെയ്തു........
മൊബൈലില്‍ വിളിച്ച്‌ കാര്യങ്ങള്‍ എല്ലാം സംസാരിച്ച്‌ ഷൂട്ടിംഗ്‌ ഡെറ്റ്‌ ബുക്ക്‌ ചെയ്തു.


വിചാരിച്ചതിലും നേരത്തേ ഗാനരചനയും കമ്പോസ്സിംഗുമെല്ലാം പൂര്‍ത്തിയായി. .......പുലര്‍ച്ചക്കു ഗുരുവായൂരമ്പലത്തില്‍ പൂജകഴിച്ചു വേണം ഷൂട്ടിംഗ്‌ തുടങ്ങാന്‍......അതുകൊണ്ട്‌ ഗുരുവായൂരില്‍ ലോഡ്‌ജെടുത്ത്‌ ഷൂട്ടിംഗിന്റെ തലേന്നു വസന്തയെ അവിടെ കൊണ്ടുവന്നു താമസിപ്പിച്ചു.....


പിയൂഷിനു നാളത്തെ ഷൂട്ടിംഗിനെ കുറിച്ചാലോചിച്ച്‌ രാത്രികിടന്നിട്ടുറക്കം വരുന്നില്ല......തിരിഞ്ഞും മറിഞ്ഞും ഓരോന്നു സ്വപ്നം കണ്ടിരിക്കുന്നനേരത്ത്‌ മൊബെയില്‍ അടിക്കുന്ന ശബ്ദം കേട്ടാരാണെന്നെടുത്തു നോക്കി...........
" വസന്താ മേഡം.." എന്താണാവോ ഈരാത്രിയില്‍ ചിലപ്പോള്‍ നാളത്തെ ഷൂട്ടിംഗിനെ കുറിച്ചെന്തെങ്കിലും അറിയാനായിരിക്കും...!!!!
"ഹലോ...... പിയൂഷ്‌ സാറല്ലേ".....?
"അതേ......എന്താണു മേഡം ഈ രാത്രിയില്‍"..?
" സാര്‍.. പറ്റുമെങ്കില്‍ ഈ ലോഡ്‌ജിലോട്ടിപ്പോഴൊന്നു വരണം അത്യാവശ്യമാണ്‌"......!!!
ഹലോ... ഹലോ........ഛെ...കട്ടാക്കിയോ........എന്താണിത്രക്കത്യാവശ്യം.....തിരിച്ചു വിളിച്ചിട്ടെടുക്കുന്നുമില്ലല്ലോ......?


പീയൂഷ്‌ വേഗം തന്നെ ഷര്‍ട്ടെല്ലാം മാറി .....ഗുരുവായൂര്‍ക്കു പോകാനായി സുകുവേട്ടനെ വിളിച്ചു....... സുകുവേട്ടനും മൊബെയില്‍ എടുക്കുന്നില്ല...അവസാനം വടക്കേലെ മധുവിനെ ഉറക്കത്തില്‍ നിന്നും ഒരുവിധം എഴുന്നേല്‍പ്പിച്ച്‌ അവന്റെ ഓട്ടോയില്‍ ഗുരുവായൂര്‍ക്കു തിരിച്ചു............


ലോഡ്‌ജിലെത്തിയപ്പോള്‍ തന്റെ ആല്‍ബത്തിലുള്ള എല്ലാവരും റിസപ്ഷനില്‍ നില്‍ക്കുന്നു....സുകുവേട്ടനും,തോമസ്സും,കിഷോറും എല്ലാവരുമുണ്ട്‌. ഇവരിത്രക്കു വേഗം എല്ലാം സെറ്റുചെയ്തോ.....? ഇവരെന്തിനാ തലകുമ്പിട്ടു നില്‍ക്കുന്നത്‌..........ആരും ഒന്നും മിണ്ടുന്നില്ലല്ലോ........?

ആല്‍ബം പിടിക്കുന്നതിനെന്തിനാ......പോലീസ്സുകാരിവിടെ....?


അന്തര്‍ദേശീയ പെണ്‍വാണീഭ സംഘത്തെ പിടിച്ച്‌ അതിലെ അംഗസഖ്യ കൂട്ടാന്‍ കാത്തിരുന്ന ഗുരുവായൂര്‍ ഹെഡ്‌കോണ്‍സ്റ്റബിളിന്‌ പിയൂഷിന്റെ കടന്നു വരവ്‌ തികച്ചും ആഹ്ലാദജനകമായിരുന്നു....
എന്തെങ്കിലും മനസ്സിലാകുന്നതിലും മുമ്പേ....പിയൂഷിനെയും കൂട്ടത്തില്‍ നിറുത്തി ഒരാള്‍ വന്നു പടമെടുത്തു..........



തങ്കമണിയുടെ ആഗ്രഹം പോലെ പത്രത്തിന്റെ ഒന്നാം പേജില്‍ കാലുപൊന്തിച്ചുനില്‍ക്കുന്ന ഫോട്ടോവന്നില്ലെങ്കിലും പിറ്റേന്നത്തെ എല്ലാപത്രത്തിലും മൂന്നാം പേജില്‍ പിയൂഷിന്റെ കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഫോട്ടോ വന്നു........
-ശുഭം-

Saturday, April 14, 2007

അമ്മിണിയാണു കണി.....

എന്നത്തെയും പോലെ ഇന്നും അമ്മിണിയെ കണികാണാന്‍ ഇടവരല്ലെ എന്നു പ്രാര്‍ത്ഥിച്ചാണ്‌ കുമാരേട്ടന്‍ കിടക്കപ്പായയില്‍ നിന്നെഴുന്നേറ്റത്‌. കാര്യമൊക്കെ ശരിയാണ്‌ അവളെന്റെ ഭാര്യയുമാണ്‌ എന്നാലും അനുഭവമാണല്ലോ ....ഗുരു...

അമ്മിണിയെ കണികണ്ടിട്ടുള്ള നാളുകളിലുണ്ടായ അവിചിത വിസ്ംമയ വിസ്‌പോടനങ്ങളെ കുറിച്ചാലോചിച്ചപ്പോള്‍ ഏതായാലും ഇന്നവളെ കണികാണണ്ട എന്നു തന്നെ തീരുമാനിച്ചു.എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കുമാരേട്ടനൊരു കട്ടന്‍ ചായ ശീലമുണ്ടെങ്കിലും അതും വേണ്ടെന്നുവെച്ചു...........
അല്ലെങ്കില്‍ ദിവസം മുഴുവന്‍ വെള്ളം കുടിക്കേണ്ടി വന്നാലോ...........

അപ്പുറത്തെ വീട്ടിലെ ഭാനുവിനെ കണികണ്ടാല്‍ ആ ദിവസം മുഴുവന്‍ നല്ലതായിരിക്കുമെന്നു അനുഭവിച്ചറിഞ്ഞിട്ടുള്ള ആളാണ്‌ കുമാരേട്ടന്‍.
ഒറ്റനമ്പ്രര്‍ ലോട്ടറിയടിച്ചതും...അളിയന്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോയതും അമ്മിണിയുടെ തള്ളചത്തതും എല്ലാം ഭാനുവിനെ കണികണ്ട ദിവസങ്ങളില്‍ ആയിരുന്നു...

അതുകൊണ്ടുതാന്‍ എഴുന്നേറ്റവിവരം അമ്മിണിയെ അറിയിക്കാതെ...ചാണകം ചവിട്ടിയ പട്ടരുനടക്കുന്നതുപോലെ ഉപ്പുറ്റിനിലത്തമര്‍ത്താതെ പമ്മി പതുങ്ങി.......പിന്നാമ്പുറത്തുള്ള ഭാനുവിന്റെ കുടിലു മനസ്സിലും...... ഇന്നത്തെ നല്ലദിവസം സ്വപ്ന്‍വും കണ്ട്‌ അങ്ങോട്ടുനീങ്ങി.

പിന്നാംപ്പുറത്തെ വാതുക്കല്‍ നിന്നെത്തിനോക്കിയിട്ടും ഭാനുവിനെ അവളുടെ വീട്ടുവളപ്പിലൊന്നും കാണുന്നില്ല. അല്ലെങ്കിലെന്നും ഈനേരത്ത്‌ മുറ്റമടിച്ചുനില്‍ക്കുന്നതു കാണാറുള്ളതാണല്ലോ.....ഇനി നേരത്തേ മുറ്റമടിച്ചു കാണുമോ.... മുറ്റമടി കഴിഞ്ഞാല്‍ പിന്നെ ഇവിടത്തെ കിണറ്റിലേക്കു വെള്ളം കോരാന്‍ വരേണ്ടതല്ലേ.....?....ഊംംംം...മുറ്റമടികഴിഞ്ഞതേതായാലും നന്നായി.ചൂലു പിടിച്ചു കാണുന്നതിലും നല്ലത്‌ ഭാനുവിനെ നിറകുടവുമായി കാണുന്നതാ............

ഏതായാലും ഇവിടെനിന്നാല്‍ ശരിക്കങ്ങോട്ടു കാണാന്‍ പറ്റില്ല ഭാനുവിന്റെ വീട്ടിലെ വിറകുപുര എല്ലാത്തിനും തടസമായി ഇടയില്‍ നില്‍ക്കുകയല്ലേ....കുമാരേട്ടന്‍ വാതുക്കല്‍ നിന്നുകൊണ്ടുതന്നെ ഇടത്തോട്ടും വലത്തോട്ടും നോക്കി അമ്മിണിയവിടെയില്ല എന്നുറപ്പുവരുത്തി.അവളുടെ നിഴലെങ്ങാന്‍ കണ്ടാല്‍ കണ്ണടക്കാന്‍ കണ്ണിനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.........

അവളിവിടെയില്ല തീര്‍ച്ച......അടുക്കളയില്‍ പണിത്തിരക്കിലാകും....നന്നായി....................

ഇനി ഭാനുവിനെ എങ്ങനെയൊന്നു കാണുമെന്നു കരുതിയിരിക്കുമ്പോഴാണ്‌ ഇന്നലെ മേസ്‌റി മുത്തുഅണ്ണന്‍ പറഞ്ഞതോര്‍ത്തത്‌."പെണ്ണുങ്ങളു പണിക്കു കുറവാണെന്നും ആരെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോ എന്നും."

ഭാനുവാണെങ്കില്‍ ഇപ്പോ പണിയൊന്നുമില്ലാതിരിക്കുകയാണ്‌.പണിക്കു വന്നാല്‍ പിന്നെ കാലത്തുമാത്രമാക്കണ്ട.....എപ്പോഴും കണ്ടു കൊണ്ടിരിക്കാമല്ലോ..................

ആദ്യമായി മേസ്‌റി മുത്തുഅണ്ണനോടു കടപ്പാടു തോന്നിയ നിമിഷങ്ങള്‍. കുമാരന്‍ ഇച്ചിച്ഛതും മുത്തുകല്‍പ്പിച്ചതും ഭാനു എന്നൊക്കെ പറയില്ലെ...ഏതായാലും അണ്ണനെ ഇന്നു മാതാഷാപ്പില്‍ കയറ്റി ഒന്ന് സല്‍ക്കരിക്കണം...

കുമാരേട്ടന്‍ പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല............കൃഷ്‌നോപദേശം കേട്ടമ്പെടുത്ത അര്‍ജ്ജുനനെപ്പോലെ........അല്ലെങ്കില്‍.......സമരമാണന്നറിഞ്ഞു സ്കൂളിലേക്കു പോകുന്ന തന്റെ സന്തതിയെപ്പോലെ.....
അമ്മിണി അവിടെയെങ്ങാനുമുണ്ടോ എന്നു തിരിഞ്ഞു നോക്കി കൊണ്ട്‌ ഭാനുവിന്റെ വീട്ടിലേക്കുനടന്നു................
അതികമൊന്നും നടക്കാനില്ല. പിന്നാമ്പുറത്തെ മുള്ളുവേലി തുറന്നാല്‍ ഭാനുവിന്റെ വീടായി......അവിടെപ്പിന്നെ വേറെ ആരെയും കണികാണും എന്നുള്ള പേടിയും വേണ്ട. ആകെയുള്ള തള്ളയാണെങ്കില്‍ കിടപ്പിലാണ്‌. ഭാനുവിനെ കല്യാണം കഴിച്ചു എന്നു പറയപ്പെടുന്നയാള്‍ തിരിഞ്ഞുനോക്കിയിട്ട്‌ നാളേറെയായി........ അയ്യാള്‍ നോക്കിയില്ലേലും നാട്ടിന്‍പുറത്തെ കിളവന്മാര്‍ പൊന്നുപോലെയാ അവളെ നോക്കുന്നത്‌....

ഭാനുവിന്റെ കാര്യം വരുമ്പോള്‍ ശമ്പളവര്‍ദ്ധനവു ചര്‍ച്ചചെയ്യുന്ന നിയമസഭ പോലെ അഭിപ്രായവെത്യാസം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടാകും....നേരേകണ്ടാല്‍ പാമ്പും കീരിയും പോലെയിരിക്കുന്ന ചെത്തുകാരന്‍ രാജപ്പനും കിളക്കാന്‍ വരുന്ന ശങ്കുരുവും നയാപൈസവാങ്ങാതെ ഒന്നിച്ചാണ്‌ ഭാനുവിന്റെ വീട്ടിലെ വൈക്കോല്‍ ഉണക്കിയതും തുറുവിട്ടതും...

കുമാരേട്ടന്‍ നോക്കുമ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നുണ്ട്‌. ഭാനു അകത്തുതന്നെയുണ്ടാകും....

ഭാനൂ.........ഭാനൂൂൂൂൂൂൂൂ...........(കുമാരേട്ടന്‍ പതിയെ വിളിച്ചു)

ഇപ്പുറത്തില്ല എന്നു തോന്നുന്നു.......ഏതായാലും ഒരു നല്ല കാര്യത്തിനല്ലേ....പിന്നാമ്പുറത്തുപോയി നോക്കാം...........വീടിനും വിറകുപുരക്കും ഇടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ കുമാരേട്ടന്‍ പിന്നമ്പുറത്തേക്കു കുനിഞ്ഞു കടന്നു...........

പകുതിയേ.....നടക്കേണ്ടിവന്നുള്ളൂ.........മുമ്പിലതാാാാാാ.....അമ്മിണി..........

അ. അ. അ. അമ്മിണിയെന്താ.........ഇവിടേ..............(ശകലം പതറിയാണെങ്കിലും....അതുപുറത്തു കാണിക്കാതെ കുമാരേട്ടന്‍ ചോദിച്ചു.......)

അമ്മിണി: അതുതന്നെയാാ....എനിക്കും ചോദിക്കാനുള്ളത്‌.....കിടക്കപായില്‍നിന്നു ഒളിച്ചും പതുങ്ങിയും ഇങ്ങോട്ടുവരുന്നതു കണ്ടിട്ടാ.....അപ്പുറത്തുക്കൂടെ ഞാന്‍ ഇവിടെ വന്നുനിന്നത്‌...നാണമില്ലേ....മനുഷ്യാാാ....ഇങ്ങനെ നടക്കാാന്‍.......
ഇത്രയും പറഞ്ഞ്‌ കുമാരേട്ടനെ വിറകുപുരയുടെ ഓരത്തേക്കു തട്ടിമാറ്റി ചേറ്റുവ നേര്‍ച്ചക്കിടഞ്ഞ കൊമ്പന്‍ പോകുന്നതുപോലെ അമ്മിണി നടന്നു നീങ്ങി............പോകുന്ന വഴിക്ക്‌ ചില പൊട്ടലോടും ചീറ്റലോടും കൂടിയ ശബ്ദ്‌ങ്ങള്‍ പുറപ്പെടുവിക്കാനും അമ്മിണി മറന്നില്ല......

ഈശ്വരാാാാ......ഇവളെ കണ്ടപ്പോഴേക്കും കലികാലം തുടങ്ങിയല്ലോ...........(കുമാരേട്ടന്‍ തലയില്‍ കൈവച്ചു പോയി.)...........................എന്നാലും എനിക്കു പറയാനുള്ളതെങ്കിലും അവള്‍ക്കു കേള്‍ക്കാമായിരുന്നു...ഇനി ഭാനുവിനെ പണിക്കുവിളിക്കാനാണെന്നു കൂടി അറിഞ്ഞാല്‍ എന്റെ പണി തീര്‍ന്നതുതന്നെ......

ഈശ്വരാാാാാ........എന്തിനെന്നെമാത്രം ഇങ്ങനെ പരീക്ഷിക്കുന്നു..........

ഭാനു ഇതൊന്നും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു........അറിയിക്കേണ്ട.......

ഇടഞ്ഞ കൊമ്പനെ അനുനയിപ്പിക്കാന്‍ പാപ്പാന്‍ പിന്നാലെ കൂടുന്നതുപോലെ കുമാരേട്ടന്‍ അമ്മിണിയുടെ പിറകേ കൂടി...............
കാര്യമെന്തൊക്കെയായാലും പറഞ്ഞാല്‍ കേള്‍ക്കുന്ന കൂട്ടത്തിലാണമ്മിണി.പക്ഷെ ഇത്തവണ അമ്മിണിയുടെ കാലുവരെ പിടിക്കേണ്ടി വന്നു കുമാരേട്ടന്‌. അവസാനം ഇനിയിങ്ങനെയൊന്നും ഉണ്ടാകില്ലയെന്നു മണ്ടക്കാട്ടുഭഗവതിക്കു തലയില്‍ തൊട്ടു സത്യം ചെയ്ത്‌ ഒരുവിധം സമാധാന കരാറിലെത്തി................നടുമുറിയിലെത്തി സമയം നോക്കി.......അമ്മേ........എട്ടുമണി കഴിഞ്ഞിരിക്കുന്നു.ഇന്നു പണിചെയ്യുന്നിടത്ത്‌ അവസാന ദിവസമാണ്‌. നാളെയാവീട്ടില്‍ പാര്‍ക്കലായതുകൊണ്ട്‌ ഇന്നുതന്നെ ടയില്‍സ്സിട്ടു തീര്‍ക്കാനുള്ളതാണ്‌.....

പെട്ടന്നു തന്നെ പണിക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കുളിച്ചു റെഡിയായി സ്വാമി ഫോട്ടോയുടെ മുമ്പില്‍ നിന്നു കണ്ണടച്ചു പ്രാര്‍ത്ഥിച്ചു................

കണ്ണടച്ചപ്പോള്‍ അമ്മിണിയുടെ മുഖം.............പിന്നെയും തുറന്നടച്ചു....അപ്പോഴും...അമ്മിണിയുടെ മുഖം തന്നെ തെളിയുന്നു........

ഈശ്വരാാാ......ഇതെന്തോ.....ആപത്തിലേക്കാണല്ലോ ഇന്നത്തെ യാത്ര...ഇത്രയും മനോവിഷമം പണിക്കു പോകുമ്പോള്‍ ഇതുവരെയുണ്ടായിട്ടില്ല. എന്തോ ആപത്തുസബ്ബവിക്കാന്‍ പോകുന്നതുപോലെ............

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മിണിയേയും, ചുവരില്‍ മാലയിട്ടു ചരിഞ്ഞിരുന്നു ചിരിക്കുന്ന അഛനേയും ദയനീയമായൊന്നു നോക്കി......

നടക്കുന്ന വഴിയില്‍ വേലിയിലൊന്നും പാമ്പിനെ കാണല്ലെ എന്നു പ്രാര്‍ത്ഥിച്ചു...അമ്മിണിയെ ആണല്ലോ കണികണ്ടിട്ടുള്ളതു ഇടുത്തു തോളത്തുവക്കാന്‍ തോന്നിയാലോ............വരിയില്‍ നിന്നു ബസ്സില്‍ കയറി....സ്ത്രീകളുടെ സീറ്റല്ല എന്നുറപ്പുവരുത്തിയിരുന്നു. ഉച്ചയൂണു സമയത്ത്‌ ആരും ഇലയില്‍ ചവിട്ടാതെ പ്രത്യേകം ശ്രദ്ദിച്ചു.അമ്മിണിയല്ലെ കണി ആരെങ്കിലും ഇലയില്‍ ചവിട്ടി വഴക്കിനുവന്നാലോ........

ഏതായാലും വിചാരിച്ചപോലെയൊന്നും സംഭവിച്ചില്ല. പണിയാണെങ്കില്‍ നേരത്തേ കഴിഞ്ഞു. മുത്തുഅണ്ണന്‍ വന്നു കൂലിയും തന്നു. എന്നും തരാറുള്ളതില്‍ ഇരുപത്തഞ്ജുരൂപ കൂടുതല്‍.....
പോകാന്‍ നേരം മുത്തുഅണ്ണന്‍ പറഞ്ഞു.............

നാളെ മുതല്‍ വാടാനപ്പള്ളിയിലാ പണി. ഞാന്‍ വരാന്‍ കുറച്ചു വൈകും. നിങ്ങള്‍ നേരെ അങ്ങോട്ടു പൊയ്ക്കോ....ആ വീട്ടിലെ ഫോണ്‍ നമ്പര്‍ തരാം .....വാടാനപ്പള്ളിയിലെത്തിയിട്ടവര്‍ക്കുവിളിച്ചാല്‍ മതി വഴിപറഞ്ഞു തരും.

മുത്തുഅണ്ണന്‍ കീശയില്‍ നിന്നൊരു പെയ്പ്പ്‌റെടുത്ത്‌ കുമാരേട്ടന്റെ ചെവിടുന്മേല്‍ ഇരിക്കുന്ന പെന്‍സ്സിലു വാങ്ങി നമ്പര്‍ കുറിച്ചു കൊടുത്തു......സന്തോഷത്തോടെ അവര്‍ പിരിഞ്ഞു........

ലിമിറ്റഡ്‌ സ്റ്റോപ്പു കിട്ടിയതു കാരണം കുമാരേട്ടന്‍ നേരത്തേ വീട്ടിലെത്തി........ഇപ്പോള്‍ മനസ്സിലെന്തോ സന്തോഷം പോലെ. ഇനി വിസ്ത്‌രിച്ചൊന്നു കുളിച്ചാല്‍ എല്ലാം ശരിയായി.

കുളിക്കുന്നതിനിടയില്‍ താന്‍ അമ്മിണിയെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളോട്‌ കുമാരേട്ടന്‌ പുഛം തോന്നി..ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കില്‍ കാലത്തെ സംഭവം ഒഴിവാക്കാമായിരുന്നു.................സാരമില്ല....എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.............
നാടോടിക്കാറ്റില്‍ എത്ര കഴിഞ്ഞാണ്‌ വിജയനും ദാസനും അത്‌ മനസ്സിലാക്കിയത്‌.........

കുളികഴിഞ്ഞ്‌ മൂളിപ്പാട്ടും പാടി വാതുക്കലെത്തിയപ്പോഴാണ്‌ വാതുക്കല്‍ കോപത്തോടെ നില്‍ക്കുന്ന അമ്മിണിയുടെ മുഖം ചിമ്മിണി വെട്ടത്തില്‍ കണ്ടത്‌.

ഇവള്‍ കാലത്തെ കാര്യം ഇതുവരെ മറന്നില്ലേ............?

കുമാരേട്ടന്‍ ചൂളം വിളി കുറച്ചുകൂടി ഉച്ചത്തിലാക്കി ഒരാട്ടത്തോടെ അമ്മിണിയുടെ അടുത്തെത്തി...

അമ്മിണി : നില്‍ക്കവിടെ.......ഇനിരണ്ടിലൊന്നറിഞ്ഞിട്ടേ....നിങ്ങടെ ഒപ്പം കഴിയൂ.......ആരാണവള്‍ എനിക്കതറിഞ്ഞേ പറ്റൂ.............

കുമാരേട്ടന്‍ : അമ്മിണീ..........നീ ആരെക്കുറിച്ചാണീ....പറയുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല.

അമ്മിണി : നിങ്ങടെ മറ്റവളെക്കുറിച്ചു തന്നെ.......രണ്ടാഴ്ച്‌യായില്ലെ അങ്ങോട്ടു പോയിട്ട്‌.......അവളവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണെന്ന്....പൊക്കൂടേ അങ്ങോട്ട്‌..ദൈവമേ..നീ ഇന്നെങ്കിലും എനിക്കു സത്യം കാട്ടിതന്നല്ലോ......ഇങ്ങനത്തെ ഒരു ഭര്‍ത്താവിനെയാണല്ലോ എനിക്കു കിട്ടിയത്‌..........(അമ്മിണിയുടെ കരച്ചിലിന്റെ വേഗതയും ഒച്ചയും കൂടിക്കൂടി വന്നു)

കുമാരേട്ടന്‍ : അമ്മിണീീ....ഒന്നു പതുക്കെ.....ആള്‍ക്കാരു കേള്‍ക്കും...നീ കാര്യമെന്തെന്നു പറയ്‌....

അമ്മിണി : ഇനി പറയാനെന്തിരിക്കുന്നു...ദേ...നിങ്ങള്‍ക്കവളെഴുതിയ കത്ത്‌.....അമ്മിണിയതുറക്കെ വായിച്ചു...............എന്റെ പ്രാണേശ്വരാാാാ..........രണ്ടഴ്ച്‌യായല്ലോ ഈവഴിയൊക്കെ ഒന്നു വന്നിട്ട്‌. ചേട്ടന്‍ സിമെന്റുകൂട്ടിത്തരാന്‍ എന്നെ ഇന്നു വിളിക്കും നാളെവിളിക്കും എന്ന് കരുതി ഇരിക്കുകയാണ്‌ ഞാന്‍.... ചേട്ടന്റെ വരവ്‌ ഞാന്‍ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്‌. കഴിഞ്ഞ ഞായറാഴ്ച്‌ ചേട്ടനിഷ്ട്‌മുള്ള ഇടിയപ്പമുണ്ടാക്കി ഞാന്‍ കാത്തിരുന്നു...ഈ എഴുത്തുകിട്ടിയതിന്റെ അടുത്ത ഞായറാഴ്ച്‌ എന്തായാലും വരണം. ഞാന്‍ കാത്തിരിക്കും..

കുമാരേട്ടന്‍ ആ കത്തു അമ്മിണിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു വാങ്ങി തിരിച്ചും മറിച്ചും നോക്കി.അതാ പിന്‍ഭാഗത്ത്‌ നാളെ പണിക്കു പോകേണ്ടയിടത്തെ നമ്പര്‍...........

...........ഈശ്വരാാാാാാ..........മുത്തുഅണ്ണന്‍ തന്ന പെയ്പ്പ്‌റല്ലെ ഇത്‌. ഇതില്‍ ഇങ്ങനെ ഒരു ചതിയുണ്ടായിരുന്നോ.................................

അല്ലെങ്കിലും മുത്തുഅണ്ണനെ പറഞ്ഞിട്ടെന്തു കാര്യം ഇവളെയല്ലെ ഇന്നു കണികണ്ടത്‌.............


-ശുഭം-

Wednesday, April 11, 2007

അയിപ്പന്റെ അടുത്താണോ പോലീസുകളി

ഞങ്ങളുടെ നാട്ടില്‍ ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ കാര്‍ന്നന്മാരാനുള്ളത്‌....അതുകൊണ്ടാകാം ഞങ്ങളുടെ നാട്ടില്‍ തല്ലും വെട്ടുമെല്ലാം കുറവാനെങ്കിലും..........പാരവെപ്പും എത്തിനോട്ടവും ഒരു പടി മുന്‍പിലായിപ്പോയതു.........
ബാലേട്ടന്റെ ഓലമേഞ്ഞ..ചായക്കടയിലാണു ഇവരുടെ സ്തിരം ക്യാമ്പ്‌ ............മുപ്പത്തഞ്ജുമുതല്‍ കാലനുപോലും വേന്‍ണ്ടാത്ത വയസ്സുല്ലവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്‌.
ഏതു പരിചയം ഇല്ലാത്തവരുവന്നാലും നീയാാ......ഗോപാലന്റെ മോനല്ലേടാ............എന്നെങ്കിലും ചോദിക്കാതെ വെറുതെ വിടുന്ന പതിവര്‍ക്കില്ലായിരുന്നു........................(അടിക്കിട്ടാത്തതിന്റെ കുറവാണന്നരിയാം എന്തു ചെയ്യാം കാര്‍ന്നന്മാരായിപ്പോയില്ലേ..........)
പുലര്‍ച്ച അഞ്ജുമണിക്കുമുന്‍പ്പുതന്നെ ഇവിടെ സ്തലം പിടിക്കുന്ന വിരുതന്മാരും ഉണ്ട്‌.അവര്‍ക്കു പത്രം വായിച്ചു കേള്‍പ്പിക്കാന്‍ കരാറെടുത്ത ഒന്നോ രണ്ടോ പേരും കാണും.........
പത്രം വായന കഴിഞ്ഞാല്‍ പിന്നെ ശാരദയുടേയും ഭാനുവിന്റേയും വേലിച്ചാടുന്നവരേയും......ശാന്തയുടെ നല്ല നടപ്പിനേയുമൊക്കെകുറിച്ചായിരിക്കും ചര്‍ച്ച. ഇവരുടെ ചര്‍ച്ചയില്‍ പെടാത്ത സ്തീകളുടെ എണ്ണം ഇല്ല എന്നു തന്നെ പറയാം..........അഥവാ ഉണ്ടെങ്കില്‍........പറയാന്‍ മാത്രം "അവര്‍ക്കൊന്നും ഉണ്ടാകില്ല"......
ശരീരത്തിലെ കലോറി അളക്കുന്ന ഉപകരണം ഏതെങ്കിലും സായിപ്പുകണ്ടുപിടിച്ചിട്ടുണ്ടോ....എന്നറിയില്ല....ഉണ്ടെങ്കില്‍ ഇവരുടെ മുന്‍പിലൂടെ കടന്നുപോയ ഒരു പെണ്ണില്‍ പരീക്ഷിച്ചു നോക്കാമായിരുന്നു.....................നൂറു കലോറിയെങ്കിലും ആ പാവത്തിനു നഷ്ടപ്പെട്ടിട്ടുണ്ടാകും.......കഷ്ടം!!!!................
വിസ്രമവേളകല്‍ ആനദകരമാക്കാന്‍ വേന്‍ണ്ടിയാകണം...ചര്‍ച്ചക്കിടയിലെ വിസ്രമവേളകളില്‍ ഇവര്‍ ചായക്കടക്കപ്പുറത്തെ പാടത്തു ചീട്ടുകളി തുടങ്ങിയതു............
അന്നൊരുദിവസം നാലാം ഓണത്തിന്റെ അന്നാണെന്നാണു എന്റെ ഓര്‍മ്മ...................പതിവു പോലെ ഇവര്‍ നേരത്തേ കളിതുടങ്ങി......ഇവര്‍ കളിക്കാനിരിക്കുന്നതു അകലെ നിന്നു നോല്‍ക്കിയാല്‍... പാടത്തിനുനടുക്ക്‌ ഓണത്തിനിട്ട പൂക്കളമാണെന്നേ തോന്നൂ.............
ചീട്ടുകളിയില്‍ ഏറ്റവും ലാഭം കള്ളു ഷാപ്പുനടത്തുന്ന അയിപ്പ്പേട്ടനാണു.......കയ്യീന്നു പോയാലും വലയിലേക്കെന്നു പറഞ്ഞമാതിരി.............
ഒരു രസത്തിനു അന്നു കളികാണാന്‍ ഞാനും കൂടി....കളികാണുന്നതിനേക്കാള്‍ ഇവരുടെ ചര്‍ച്ചകള്‍ കേള്‍ക്കാനാണു രസം. എന്റെ എല്ലാത്തിന്റെയും ബാലപാഠങ്ങള്‍ അവരില്‍ നിന്നണെന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല....................
കാലത്തേ തുടങ്ങിയ കളിയാണു നേരം ഉച്ചയായിട്ടും തക്രിതിയായി മുന്നേറിക്കൊണ്ടിരിക്കുന്നു.മുണ്ടുടുക്കാന്‍ പോലും ആരും എഴുന്നേല്‍ക്കുന്നില്ല.........അപ്പോള്‍ അവിടെ ആരെന്‍ങ്കിലും ഇരിക്കും......................................
ഈനേരത്ത്‌ അപരിചിതനായ ഒരാളും കാണികളുടെ കൂടെ കൂടി....................ഇതിനുമുബ്ബ്‌....ഇവിടെയൊന്നും കണ്ടിട്ടില്ല.....ആറടി ഉയരവും അതിനൊത്ത ശരീരവും....കൊടകര പുരാനത്തില്‍ വിശാലമനസ്ക്കന്‍ പറഞ്ഞമാതിരി സര്‍ക്കാരാശുപത്രിയില്‍ ചന്തിക്കു ഇഞ്ജെക്ഷന്‍ എടുക്കുന്ന നേഴ്‌ സിന്റെ മുഖമായിരുന്നയാള്‍ക്ക്‌.......................
"ആരാണു....മനസ്സിലായില്ലല്ലോ..."?.....................നെറ്റിചുളിച്ചുകൊണ്ട്‌ ഇതുചോദിച്ചത്‌ അയിപ്പേട്ടനായിരുന്നു...........
"അപ്പുറത്തെവീട്ടില്‍ വിരുന്നു വന്നതാണു.." അയാള്‍ വളരെ വിനീതമായി പറഞ്ഞു....ആറടിപൊക്കമുള്ള അയാളുടെ താഴ്ം മയോടെയുള്ള മറുപടികേട്ടു അയിപ്പേട്ടനൊന്നു മൂളി....ഹൂം ം ം.........എന്നാല്‍ കളികണ്ടോ....എന്ന സമ്മതവും അതില്‍ ഉള്‍ക്കൊണ്ടിരുന്നു..........
കളിക്കിടയില്‍ ആ ആറടി ഉയരത്തിലേക്കിടക്കിടക്കു നോക്കുവാനും അയിപ്പേട്ടന്‍ മറന്നില്ല, വെറും അഞ്ഞ്ചടി കഷ്ടിച്ചുള്ള തന്റെ നോട്ടം കണ്ട്‌ മുഖം തിരിക്കുന്ന ആ വലിയമനുഷ്യനെകണ്ട്‌ അയിപ്പേട്ടനെന്തെന്നില്ല്ലാത്തൊരാവേശം തോന്നി.................
കളിയങ്ങനെ നടന്നുകൊണ്ടിരിക്കുന്നു..... അയിപ്പേട്ടന്റെ മുഖത്തൊരു പുഞ്ജിരി......എലി പുന്നെല്ലു കണ്ടമാതിരി....അയിപ്പേട്ടനാറാം പരലു തന്നെ ഉറപ്പ്‌..... ആനേരത്താണു...ഓാാാാടിക്കോ...................പോലീസ്‌ ജീപ്പ്‌....................ആരോ അതുപറഞ്ഞതു കേട്ടു തിരിഞ്ഞു നോക്കുബോഴേക്കും ജീപ്പ്‌ അടുത്തെത്താറായിരുന്നു.........
"ഏയ്‌....ആരും ഓടണ്ട.........അതു നമ്മുടെ ആള്‍ക്കാരാ.............."കൂട്ടത്തിലുള്ള ആറടിക്കാരന്‍ പറയുന്നതു കേട്ട്‌ എല്ലാരും ഒരുനിമിഷം തരിച്ചു പോയി.......ചീട്ടു കളിപിടിക്കാന്‍ മഫ്ടിയില്‍ വന്ന പോലീസുകാരനായിരുന്നോ.....ഇതന്റെമ്മോ.....
എന്നാലും ആരും അവിടെനിന്നില്ല....ഞാനടക്കം എല്ലാരും വെടിക്കെട്ടിനമിട്ടു വിരിയുന്നതുപോലെ ചിതറിയോടി.................................
എന്നാല്‍ ഒരാള്‍ ........ഒരാള്‍ മാത്രം ഓടിയില്ല............ഇരുന്നിടത്തു തന്നെ ഇരുന്നു......ആരാണത്‌...!!അയിപ്പേട്ടന്‍!!!!!......ഓാാ....ശരിക്കും ധൈര്യശാലി!!!!ഒരു നിമിഷം ഞാന്‍ മനസ്സിലോര്‍ത്തു.
ജീപ്പ്‌ അപ്പോഴേക്കും അയിപ്പേട്ടന്റെ മുന്നില്‍ കൊണ്ടു ചവിട്ടിക്കഴിഞ്ഞിരുന്നു..........എസ്‌.ഐയ്യും ആറടിക്കാരനും ചേര്‍ത്ത്‌ ആകെ മൊത്തം അഞ്ജു പോലീസ്‌. അതില്‍ രണ്ടു പേര്‍ ഓടിയവര്‍ക്കു പിന്നാലെ കൂടി. എസ്‌.ഐയ്യും ആറടിക്കാരനും മറ്റൊരു പോലീസും അയിപ്പേട്ടനു ചുറ്റും നിന്നു.
ആ മുഖത്ത്‌ നവരസങ്ങളില്‍ ചിലതൊക്കെ വിരിയുന്നുണ്ടെങ്കിലും......ധൈര്യം ചോര്‍ന്നുപ്പോയിട്ടില്ല എന്നു തോന്നുന്നു...........ഇപ്പോഴും ഇരുന്നിടത്തു തന്നെ ഇരിക്കുകയല്ലേ..............
"എന്താണ്ടാ നായി-----------മോനേ.............പോലീസിനെ നിനക്കൊന്നും ഒരു വിലയുമില്ല അല്ലെടാാാ....... നിന്റെ നോട്ടം കണ്ടപ്പോഴേനിനക്കുള്ളതു ഞാന്‍ കരുതിവച്ചിട്ടുണ്ടായിരുന്നു". ആറടിക്കാരന്റെ ഇടിമുഴക്കം പോലെയുള്ള ചീത്തവിളിക്കേട്ടിട്ടും അയിപ്പേട്ടനവിടെത്തന്നെയിരുന്നു...
അടുത്തത്‌ എസ്‌.ഐയ്യുടെ ഊഴമായിരുന്നു......"......ച്ചീ...എഴുന്നേല്‍ക്കടാാ.."..എന്നുപറയലും ലാത്തി ഉയര്‍ത്തിയതും ഒപ്പമായിരുന്നു...................


"അയ്യോ.........സാറേ.......അടിക്കല്ലേ........സാറേ.................കാലു രണ്ടും തരിച്ചു പോയി.........എഴുന്നേല്‍ക്കാന്‍ പറ്റിണില്ലെന്റെ സാറേ...........ഇരുന്നിടത്തിരുന്ന് അയിപ്പേട്ടന്‍ എസ്‌.ഐയ്യുടെ കാക്കല്‍ വീണു..............................

ഇപ്പ്പ്പോഴും ആ രംഗം ഓര്‍ക്കുബോള്‍ ചിരിയോടൊപ്പം സഹതാപവും അയിപ്പേട്ടനോടു തോന്നാറുണ്ട്‌. ഒരു നിമിഷം ആ മനുഷ്യനോടു തോന്നിയ ആദരവ്‌ ഇന്ത്യ വിട്ട റോക്കറ്റു അറബിക്കടലില്‍ തകരുന്നതു പോലെ പൊട്ടിതകര്‍ന്നു.
അന്ന് അയിപ്പേട്ടന്‍ മാത്രമാണു പെട്ടുപോയതെന്നു കരുതരുത്‌ കേട്ടോ...................... രണ്ടു പോലീസുകാര്‍ ചാത്തന്‍ കോഴി പിടക്കോഴിക്കുപിന്നാലെ പിടിക്കുന്നതു പോലെ പാടത്തു വട്ടമിടുന്നതു അകലെ നിന്നേ കാണമായിരുന്നു.........................................അവസാനം പിടികിട്ടിയത്‌ ശങ്കരനേയും കൊച്ചുരാമനേയും...
കൊച്ചുരാമനെ കോളറിലും ശങ്കരേട്ടനെ ഷര്‍ട്ടിടാത്തതിനാല്‍ ചെവിക്കും പിടിച്ച്‌ എസ്‌.ഐയ്യുടെ അടുത്തെത്തിച്ചു. ഷര്‍ട്ടിടുന്ന സ്വഭാവം പണ്ടേ ശങ്കരേട്ടനില്ലായിരുന്നു............
കൊച്ചുരാമേട്ടനും ശങ്കരേട്ടനും വാഴക്കു കുലക്കൂബു വന്ന പോലെ പോലീസുകാരുടെ കയ്യില്‍ വളഞ്ഞു നില്‍ക്കുകയാണു................"നല്ല കോഴിക്കോടന്‍ ആലുവ" മുറിച്ച കത്തിപോലുള്ള ശങ്കരേട്ടന്റെ മേനിയിലേക്കു എസ്‌.ഐ സഹതാപത്തോടെ ഒന്നു നോക്കി...............
കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോട്ടിലെ ഹംബുകള്‍ പോലെയുള്ള വാരിയെല്ലുകളും...തീക്കനല്‍ വെള്ളത്തിലിട്ട കളറും....കണ്ടാല്‍ ആരെപോലെ ഇരിക്കു മെന്നാ പറയാാാാാ....ആ.........മമ്മുട്ടി നന്നായി കറത്ത്‌ മെലിഞ്ഞ്‌ മുടിയും പല്ലുമെല്ലാം കൊഴിഞ്ഞ്‌ മുഖമിത്തിരി കോടിയാല്‍ എങ്ങനെയിരിക്കും ശരിക്കും അതു പോലെ...................
അടിച്ചാല്‍ കയ്യില്‍ പെടുമെന്നു കരുതിയിട്ടാകാം.....എസ്‌.ഐ രണ്ടു പേരുടേയും ചെവിക്കു പിടിച്ചു തിരുമ്മിയതു.....കുറച്ചു നിറമുള്ള കൊച്ചിരാമേട്ടന്റെ ചെവികള്‍ ചുവന്നു തടിച്ചു. ശങ്കരേട്ടന്റെ ചെവിടുകള്‍ ഇനിയും കറക്കാനില്ലാത്തതു കൊണ്ട്‌ വീര്‍ക്കുക മാത്രമേ ഉണ്ടായുള്ളു.
"കേറടാാാ.......ജീപ്പില്‍.........."എസ്‌.ഐ ഇതു പറയുന്നതു കേള്‍ക്കാന്‍ കാത്തു നിന്നിരുന്നതു പോലെ മൂവരും ജീപ്പിലേക്കോടി..........................."ആ നിങ്ങള്‍ കേറാന്‍ വരട്ടേ....." എസ്‌.ഐ കൊച്ചിരാമേട്ടനേയും ശങ്കരേട്ടനേയും കയറിപ്പിടിച്ചു." നിങ്ങള്‍ക്ക്‌ ഓടാനല്ലെ ഇഷ്‌ ടം അപ്പോ.....ഓടിയിട്ടു തന്നെ സ്റ്റേഷന്‍ലേക്കു വന്നാമതി....ഇനി ബസ്സിലെങ്ങാനും കയറീട്ടു ഞങ്ങള്‍ ഇതിലേ കറങ്ങുബോള്‍ നിങ്ങളെയെങ്കാനും കണ്ടില്ലെങ്കില്‍ കാണിച്ചു തരാം.............
ഇതു പറഞ്ഞ്‌ എസ്‌.ഐ അയിപ്പേട്ടനേയും കൊണ്ടു സ്തലം വിട്ടു.................
പാവം കൊച്ചുരാമേട്ടനും ശങ്കരേട്ടനും ആറുകിലോമീറ്ററപ്പുറത്തുള്ള വാടാനപ്പിള്ളി പോലീസ്‌ സ്റ്റേഷനിലേക്ക്‌...പത്തു റണ്‍സ്സു പോലും ഇടുക്കാനാകാതെ ഔട്ടായി പവലിയനിലേക്കു പോകുന്ന സെവാഗിനെപ്പോലെ.....പോകുന്ന വഴിയിലുള്ള ബസ്സിലേക്കും കാറിലേക്കും ദയനീയമായി നോക്കിനടന്നു................
ഏതായാലും എസ്‌.ഐ വളരെ ജനകീയമായ രീതിയിലാണു ശിക്ഷ വിധിച്ചത്‌............അയിപ്പേട്ടനെ നാലോണത്തിന്റെ അന്നു മുഴുവന്‍ സ്റ്റേഷന്റെ വരാന്തയിലിരുത്തി....ശങ്കരേട്ടനോടും കൊച്ചുരാമേട്ടനോടും നടന്നു തന്നെ വീട്ടിലേക്കു പോകാനും പറഞ്ഞു...................


-ശുഭം-


അയിപ്പേട്ടന്‍ ഇതു വായിക്കാനിടയായാല്‍ ദയവായി എന്നോടു ക്ഷമിക്കുകനടന്ന കാര്യം പറഞ്ഞതിനു എന്നെ നടക്കാത്ത പരിവത്തിലാക്കരുത്‌......എന്ന് ജെ.പി(ജീവിച്ചു.പൊക്കോട്ടെ)