ഏങ്ങണ്ടിയൂരിലെ ജനങ്ങള്‍ ഈയിടെയായി കണികണ്ടുണരുന്നത് പിരിവുകുറ്റികയ്യിലേന്തിനില്‍ക്കുന്ന പൂരകമ്മിറ്റിക്കാരെയാണ്
പിരിവ് എന്റെ ജന്‍മാവകാശമാണെന്ന് സ്വയം പ്രഖ്യാപിച്ച്, പേറ്റന്റെടുത്ത്... ഭാസ്ക്കരേട്ടന്റെ കറവുതുടങ്ങുന്നതിനുമുമ്പേ, കൊച്ചാപ്പി പെയ്പ്പറിട്ടു തുടങ്ങുമ്പോഴേക്കും നാടുനീളെ പിരിവിനിറങ്ങുന്ന ഞാനടങ്ങുന്ന യുവജന പൂരകമ്മറ്റിക്കാര്‍ക്ക് പിരിവെന്നുപറഞ്ഞാല്‍ അച്ചുമാമ്മയുടെ പാര്‍ട്ടിക്കു ഹര്‍ത്താലെടുക്കും പോലൊരു ഹരവും വെപ്രാളവുമൊക്കെയായിരുന്നു.............
കൈതമുക്ക് ഗോവിന്ദന്‍ മാഷിണ്റ്റെകയ്യില്‍ നിന്ന് അഞ്ചുരൂപയില്‍ കൂടുതല്‍ പിരിവുവാങ്ങിയിട്ടുള്ള ഏകകമ്മിറ്റി, പാളയംകൊടന്‍ ജോര്‍ജിണ്റ്റെ ജെര്‍മ്മന്‍ ഷെപ്പേടിനെപോലും വകവെക്കാതെ പിരിവെടുത്തവര്‍..........
ഇത്രയേറെ വിജയവീരചരിതങ്ങളുണ്ടെങ്കിലും .......ഇതേവരെ ഞങ്ങളുടെ പിരിവു കുറ്റിയില്‍ പേരെഴുതുവാന്‍ ഇടം തരാത്ത ഒരേഒരുവ്യക്തിയേ ഏങ്ങണ്ടിയൂരുള്ളൂ.........ആ ഏരിയയിലെ മുതിര്‍ന്ന എക്സ് ഗള്‍ഫുകാരനായ "പൂത്തിരി പൊറിഞ്ചേട്ടന്‍".....പിരിവുകാര്‍ക്കൊരുബാലികേറാമൌണ്ടെയിന്‍....
പിച്ചക്കാര്‍ പിരിവുകാര്‍ എത്തിനോട്ടക്കാര്‍ എന്നീയിനങ്ങളിലറിയപ്പെടുന്ന നാട്ടിലെ ഭൂരിപക്ഷവര്‍ഗ്ഗം ആ വഴിക്ക് അടുക്കാതിരിക്കാന്‍ ഒരുഗ്രന്‍ അത്സേഷ്യന്റെ നാവുനീട്ടിനില്‍ക്കുന്ന ചിത്രം " കടിക്കുന്നപട്ടിയുണ്ട് സൂക്ഷിക്കുക" എന്ന അടിക്കുറിപ്പു സഹിതം ഗേറ്റിനു മുന്നില്‍ ഫിക്സുചെയ്തിരിക്കുന്നു പേരിന് "ഋധിക്ക് രോഷന്റെ പടത്തിനു മുമ്പില്‍ ഇന്ദ്രന്‍സ് പോസ് ചെയ്തപോലെ" ഒരു ചൊക്ളിപ്പട്ടിയെ കെട്ടിയിട്ടിരിക്കും. പിക്കിള്‍സ് മുടക്കാന്‍ ചൊക്ളീസും മതി എന്നോര്‍ത്ത് ഒരുവിധപ്പെട്ട പിരിവുകാരാരും ആ ഗേറ്റുതുറന്നകത്തുകടക്കില്ല.
ഇനി അതും മറികടന്ന് ആരെങ്കിലും ചെല്ലാന്‍ ദൈര്യം കാട്ടിയാല്‍ തന്നെ. "മൂപ്പരിവിടില്ല.. പുറത്തുപോയിരിക്കാ വരുമ്പോള്‍ പറയാം.." മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ കാറ്റഗറിയില്‍ പെട്ട ഭാര്യ അന്നാമച്ചേടത്തി വാതില്‍ തുറക്കാതെ ജനല്‍ വഴി മറുപടിതരും..... ......

ഗള്‍ഫിലായിരുന്നപ്പോള്‍ കാലാകാലങ്ങളില്‍ ദൂമകേതുവന്നുപോകും പോലെ കക്ഷി ലീവിനുവന്ന് ചേടത്തിക്ക് ഒരു ഗര്‍ഭവും സമ്മാനിച്ച് പോവുക പതിവായിരുന്നു.അത് യഥാസമയം ഭാവിയില്‍ ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുടെ ഉറക്കം കെടുത്തുവാന്‍ ജാന്‍സി,ജിന്‍സി,ജെസ്സി എന്നിങ്ങനേ ജായില്‍ ഉള്ള പ്രോഡക്റ്റായി പിറക്കുകയും. അവരുടെ വളര്‍ച്ചക്കനുസരിച്ച് കക്ഷിയുടെ മതിലിനു പൊക്കവും മതിലിനുമേളിലെ കുപ്പിച്ചില്ലിന്റെ എണ്ണവും എത്തിനോട്ടക്കാരുടെ എണ്ണത്തോടൊപ്പം വര്‍ദ്ധിച്ചുവന്നു.....
ഇടവേള........
ഭാഗം -2
പൂത്തിരി എന്ന സര്‍നെയിം പൊറിഞ്ചേട്ടനു സ്വന്തം കഴിവാല്‍ കിട്ടിയതല്ല. പൊറിഞ്ചുവേട്ടന്റെ അമ്മൂമയുടെ തലമുടി പൂത്തിരി പോലെ പിരിപിരിന്നായിരുന്നെന്നും കുടുബ സ്വത്ത് ഭാഗം വെച്ചു വീതം കിട്ടിയതിന്റെ കൂട്ടത്തോടെ അമ്മൂമയുടെ പേരും വിഹിതംകിട്ടിയതാണെന്നും പറയപ്പെടുന്നു.............
ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ദേശത്തിനോ ഏങ്ങണ്ടിയൂര്‍ക്കാരെനെന്നനിലയില്‍ ചുറ്റുവട്ടക്കാര്‍ക്കോ കാല്‍ക്കാശിനുപകാരമില്ലെങ്കിലും എന്റെ വീട്ടിലേക്കു വഴിപറഞ്ഞു കൊടുക്കാന്‍ ഒന്നാംതരം റഫറന്‍സായിരുന്നു കക്ഷി.....ഏങ്ങണ്ടിയൂര്‍ സെന്ററില്‍ ബസ്സിറങ്ങി പൂത്തിരി പൊറിഞ്ചൂന്റെവീടേന്നു നാലാമത്തെ വീടെന്നു പറഞ്ഞാല്‍ ഏതു ഓട്ടോക്കാരനും വീടിന്റെ പടിക്കലിറക്കിത്തരും...അഥവാ ആളവിടെ നില്‍പ്പുണ്ടെങ്കില്‍ മാത്രം രണ്ടു പടി അപ്പുറത്തേ നിര്‍ത്തൂ.....
നാട്ടില്‍ ഞാന്‍ കിഴക്കുപടിഞ്ഞാറു നടക്കുന്നകാലത്തു പൊറിഞ്ചേട്ടന്‍ ഗള്‍ഫിലായിരുന്നു.....അങ്ങോരു ഗള്‍ഫുമതിയാക്കി പെര്‍മനന്റ് നാട്ടുസെറ്റപ്പായപ്പോഴേക്കും വീട്ടുകാരെന്നെ ഗള്‍ഫിലേക്കു പാഴ്സല്‍ ചെയ്തിരുന്നു.......... .
ആകെ രണ്ടുതവണയേ വളരെകാലം മുന്‍പ് അങ്ങോരുടെ ഒരുലീവുകാലത്ത് എന്നോടു മിണ്ടിയിട്ടുള്ളൂ....അതു മൂത്തമകള്‍ ജാന്‍സിയെനോക്കി അറിയാതെ ഞാന്‍ കണ്ണിറുക്കിയത് കമന്റടിക്കാണെന്ന് തെറ്റിധരിച്ച് മലയാളത്തിലെ നിത്യോപയോഗം കൂടുതല്‍ ഉള്ള പദാവലി ഉപയോഗിച്ച് ഉപദേശിക്കാന്‍ .......
അതിനുശേഷം ജാ പ്രൊഡക്ഷനുകളോടുള്ള താല്‍പര്യവും ഇടക്ക് മതിലിനു പുറത്തേക്കു ചാഞ്ഞുനില്‍ക്കുന്ന പൊറിഞ്ചേട്ടണ്റ്റെ വളപ്പിലെ പേരക്കകള്‍ പൊട്ടിക്കണമെന്ന ആഗ്രഹവും എന്നന്നേക്കുമായി ഉപേക്ഷിച്ചു......".ച്ചുമ്മാ... എന്തിനാണു നമ്മളായിട്ടു അങ്ങോരുടെ നാക്കിനു പണികൊടുക്കുന്നത്"
പതിവുപോലെ ഒരു പിരിവുകാല സായാന്നത്തില്‍ പൊറിഞ്ചുവേട്ടന്റെ വീട്ടില്‍ പിരിവിനുപോയവരുടെ കഥനകഥകളും പിരിവിനുപോകാന്‍ തയ്യാറെടുത്തു കച്ചമുറുക്കുന്നവരുടെ ഗൂഡാലോചനകളും ചര്‍ച്ചാവിഷയമായിവന്നപ്പോള്‍ ഇതെല്ലാം വളരെനിസാരമാണെന്ന എന്റെ അഭിപ്രായത്തെ അവഗണിച്ചു സംസാരിച്ചത് എന്റെ ഇമേജിനേറ്റ കുറച്ചിലായി എനിക്കു തോന്നുകയും
അതുകൊണ്ടുതന്നെ... "പണ്ടോണക്കാലത്തു പട്ടത്തിന്റെ വാലരിയാന്‍ നടന്ന നിക്കറൂ പയ്യനല്ലെന്നും......പട്ടാണിയെപ്പോലും നിലക്കുനിര്‍ത്തുന്നതു കൂടാതെ പരല്‍ മീന്‍ പോലെ വെളുവെളാന്നിരിക്കുന്ന ഫിലിപ്പിനോ സെക്രട്ടറിയും സ്വന്തമായുള്ള ഗള്‍ഫിലെ ഒരു കുണ്‍സ്രാലാണെന്നും" കാണിക്കാന്‍ പൊറിഞ്ചേട്ടന്റെ വീട്ടില്‍ പോയിപിരിക്കണമെന്ന ദൌത്യം മുന്‍കൈ എടുത്ത് വെല്ലുവിളിയായി കൂട്ടുകാര്‍ക്കുമുന്‍പിന്‍ വാശിയോടെ ഞാനേറ്റെടുക്കുകയായിരുന്നു..............
എന്നില്‍ കൊന്‍ഫിഡെന്റ് തോന്നിയ കോപ്പന്‍ രാജുവും ഗ്ളാമര്‍കണ്ണനും സോണിയും ഒഴികെ എല്ലാവരും എന്റെ വെല്ലുവിളിക്കെതിരെ പന്തയം വെച്ചു....."പൊറിഞ്ചേട്ടന്റെ കയ്യില്‍നിന്നു പത്തോ അതില്‍ കൂടുതലോ കിട്ടിയാല്‍ ബാലേട്ടന്റെ കടയില്‍ നിന്ന് തോറ്റാളുടെ ചിലവില്‍ ഇഷ്ടമുള്ളതുവരെകഴിക്കാം".
കൂടാതെ പങ്കെടുത്തവരില്‍ മൂക്കിനു കീഴെ രോമ്മം ഉള്ളവര്‍ അതുവടിക്കും. "ആണെന്നു പറയപ്പെടാന്‍ തനിക്കാകെയുള്ള സബത്ത് ഗീത ടാക്കീസ്സില്‍ സെക്കന്റ് ഷോക്ക് അവിടെയിവിടെയായി ഇരിക്കുന്ന ആളുകളെപ്പോലെ കിളിര്‍ത്തുനില്‍ക്കുന്ന ഈ രോമങ്ങള്‍മാത്രമാണെന്നുള്ള തിരിച്ചറിവായിരിക്കണം" എന്റെകൂടെ എന്തിനും കൂട്ടുനില്‍ക്കുന്ന സുബ്രുവിനെ എതിര്‍പക്ഷം പിടിക്കാന്‍ പ്രേരിപ്പിച്ചത്......
അതിനു മുമ്പേ ചിലര്‍ പിരിവിനു തയ്യാറായി നിന്നിരുന്നു......
അതില്‍ ചിലര്‍ ബാലേട്ടന്റെ കടയില്‍ അവയ്ളഭിളായിട്ടുള്ള ഫുണ്ടിനെകുറിച്ചും മറ്റുചിലര്‍ നേരം വൈകിയാല്‍ കഴിഞ്ഞുപോകുന്ന ഐറ്റത്തെകുറിച്ചുമുള്ള ചര്‍ച്ചയിലാണ്.
ഇനി ഏതെങ്കിലും എക്സ്ക്ക്യൂസു പറഞ്ഞൊഴിയാന്‍ നിന്നാല്‍ ഗള്‍ഫുകാരുടെ മൊത്തം ഇമേജിനെ അതുബാധിച്ചാലോ എന്നുകരുതി....മുന്‍പില്‍ അല്ലാതെ ഒന്നുരണ്ടു പേരുടെ പുറകിലായി ഏതു ദൈവത്തെ വിളിച്ചു.... എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്നു മനസില്‍ ചിന്തിച്ചുകൊണ്ട് കൂട്ടത്തോടെ പൊറുഞ്ചേട്ടന്റെ വീട്ടിലേക്കുനീങ്ങി.
"പണ്ടത്തെ പേരക്കാമരമെല്ലാം ഇപ്പോള്‍ തഴച്ചു വളര്‍ന്നിട്ടുണ്ടാകും!!!"...
ഭാഗം - 3
പൊറുഞ്ചേട്ടന്റെ ഗേറ്റിനുമുന്നിലെത്തിയപ്പോള്‍ "പണ്ട് എട്ടാം ക്ളാസ്സിലായിരുന്നകാലത്ത് സാമൂഹ്യപാഠം പരീക്ഷ എഴുതാന്‍ പോയി കൊസ്റ്റന്‍ പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ മാത്രം അന്ന് മാത്സ് പരീക്ഷയാണെന്നു തിരിച്ചറിയുകയും എന്തു ചെയ്യണമെന്നറിയാതെ രണ്ടുമണിക്കൂറ്‍ വസന്തടീച്ചറുടെ മുഖത്തേക്കു അന്തം വിട്ടുനോക്കിയിരുന്ന അതേ അവസ്തയില്‍ ഗേറ്റിലേക്കു നോക്കിനിന്നു"
സുബ്രു ഗേറ്റുതുറന്നു ചാവാലിപട്ടി ഡ്യൂട്ടിതുടങ്ങിയപ്പോഴാണ് പൊറുഞ്ചേട്ടന്റെ വീട്ടുമുന്നിലെത്തിയവിവരം സ്വബോധത്തോടെ മനസ്സിലാക്കിയത്.
പൂമരം ട്രിമ് ചെയ്തുകൊണ്ടിരിക്കുന്ന പൊറുഞ്ചേട്ടനെ ഗേറ്റിന്റെ അവിടെനിന്നാല്‍ കാണാം.
മുന്നില്‍ നടന്നിരുന്ന സോണിയെ കണ്ട് "ഇതെന്താ പതിവില്ലാതെ ഇയ്യാള്‍ ഗേറ്റുതുറന്ന് വരുന്നതെന്ന്" മനസ്സിലോര്‍ത്ത് പട്ടി അന്തം വിട്ടു വായും പൊളിച്ച് നിന്ന ഗ്യാപില്‍ ക്ളബ്ബിലെ ഫോര്‍വേഡായ സുബ്രു മുന്നോട്ട് നീങ്ങി. കൂടെ പട്ടിയെകെട്ടിയ ചങ്ങലയുടെ ഡയമീറ്റര്‍ ഏകദേശം കാല്‍കുലേറ്റ് ചെയ്ത് സേഫ് ഡിസ്റ്റന്‍സില്‍ LIC ഏജണ്റ്റുമാരുടെ കള്ളച്ചിരിയുമായി ഞാനും, കടിക്കുന്നേല്‍ കടിക്കട്ടെ ഒന്നുമില്ലേലും പൊറിഞ്ചേട്ടന്റെ മുതലല്ലേ എന്നോര്‍ത്ത് സോണിയും അകത്തേക്ക് നടന്നു...
അപ്പോഴും പൊറിഞ്ചേട്ടണ്റ്റെ "ടൈഗര്‍" സോണിയുടെ പതിവിനു വിപരീതമായുള്ള ഗേറ്റുതുറന്നുള്ള വരവിനെകുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കായിരുന്നു.
അകലെനിന്നേ ഞങ്ങളെ തിരിച്ചറിഞ്ഞു "ഇങ്ങനെ എത്ര പിരിവുകാരെ കണ്ടിരിക്കുന്നു എന്നഒറ്റ നോട്ടത്തോടെ" പഴയതിലും ശുഷക്കാന്തിയോടെ ട്രിമ്മിംഗ് കഡിന്യൂചെയ്തുകൊണ്ടിരുന്ന പൊറുഞ്ചേട്ടനോട് മുഖവുരയില്ലാതെ ആദ്യം തുടക്കം കുറിച്ചത് ഞാന്‍ തന്നെയായിരുന്നു. അല്‍പം കനത്തില്‍ എന്നാല്‍ വളരെയധികം വിനയവും എളിമയും മിക്സ് ചെയ്തു
"പൊറിഞ്ചേട്ടന്‍ പൂമരം വെട്ടുകയായിരിക്കും?"
തുടര്‍ന്നും കാവടിമുതല്‍ വെടിക്കെട്ടുവരെയുമുള്ള വിശദമായ വിവരണം കരകാട്ടത്തിനെത്തുന്ന തരുണീമണികള്‍ മുഖത്ത് ചായം പൂശിയ പോലെ പൊലിപ്പിച്ചു, പത്തുരൂപ മാത്രം മനസ്സില്‍ കണ്ടുകൊണ്ട് ഒറ്റശ്വാസത്തില്‍ വിസ്തരിച്ചു പറഞ്ഞു തീര്‍ത്തു.
കയ്യില്‍ നിന്ന് നോട്ടീസ്സുവാങ്ങിവായിക്കുകയും അതിനിടയില്‍ ഇടക്കിടെ കക്ഷം ചൊറിയുമ്പോഴും, ഉടുമുണ്ടു അരയില്‍ തിരുകി ടൈറ്റു ചെയ്യ്‌തപ്പോഴും പ്രതീക്ഷയോടെ ആമുഖത്തേക്ക് മാത്രം ഉറ്റുനോക്കി "പെനാല്‍റ്റി ഷൂട്ട് തടുക്കാന്‍ നില്‍ക്കുന്ന ഗോളിയെപ്പോലെ" അതില്‍ കുറച്ച് ആദരവുകൂടി മിക്സ് ചെയ്ത് അല്‍പ്പം മാറിനിന്നു.
ഇന്നാ..ഇരുപതുരൂപയെടുത്തിട്ടു ബാക്കിതാ...."പൊറുഞ്ചേട്ടന്‍ ഒരു നൂറു രൂപനോട്ടെടുത്ത് എന്റെ നേര്‍ക്കുനീട്ടി..... ദൈവമേ...പറ്റിക്കാനാണോ...?...നോട്ടുവാങ്ങാതെ മടിച്ചു കുറച്ചുനേരം ചിന്തിച്ചു നിന്നെങ്കിലും പൊറുഞ്ചേട്ടന്‍ സീരിയസ്സായിട്ടാണെന്നു മനസ്സിലാക്കി, മുഖത്ത് കുറച്ചു ഗൌരവം വരുത്തി, ഇരുപതു രൂപ വെറുതെയൊന്നും തരുന്നതല്ലല്ലോ നന്നായി വന്ന് ഇരന്നിട്ടല്ലെ...? എന്ന ഭാവത്തില്‍ വാങ്ങി എണ്‍പതുരൂപ തിരികെ കൊടുത്തു.
പിന്നിടെല്ലാം യാന്ത്രികമായിരുന്നു, അതിനാല്‍ ഇരുപതുരൂപതന്ന് എന്റെ മാനം കാത്ത ആ മഹാപ്രദിഭയോടു താങ്ക്സ് പോലും പറയാതെ പുറത്തേക്കിറങ്ങി.
ഗേറ്റില്‍ ഉണ്ടായിരുന്ന ശ്വാനന്‍ അപ്പോഴും സോണിയെ തന്നെ നോക്കിയിരിപ്പായിരുന്നു..."ഇയ്യാള്‍ എന്താ പതിവില്ലാതെ ഗേറ്റുതുറന്ന്...... "
വെളിയിലെത്തിയതോടെ എല്ലാരും ഒരുവട്ടം ആ നോട്ടുകാണാനുള്ള ആഗ്രഹത്തില്‍ തിരിച്ചും മറിച്ചും കൈമാറി നോക്കികൊണ്ടിരുന്നു. ഒത്തനടുക്ക് ചെറിയകീറലുണ്ടെന്നൊഴിച്ചാല്‍ പുത്തന്‍ പുതിയ പിടക്കുന്ന നോട്ട്. “പിരിവുകിട്ടിയ നോട്ടിണ്റ്റെ കീറല്‍ എണ്ണിനോക്കരുതെന്നാണല്ലോ“...
ക്ലബിലെ പിരിവ് ആക്ടുപ്രകാരം അയ്യായിരത്തില്‍ കൂടുതല്‍ പണം പിരിച്ചുകിട്ടിയാലതു ബാങ്ക് അക്കൌണ്ടില്‍ കൊണ്ടിടണമെന്നതുകൊണ്ടും അയ്യായിരം തികഞ്ഞതുകൊണ്ടും പിറ്റേന്നുതന്നെ പിരിവു പണവുമായി സഹകരണ ബാങ്കിലേക്കുപോയി.
പണം കൊടുത്തേറെ കഴിഞ്ഞിട്ടും കബിക്കൂട്ടിലിരുന്നു എന്നെ മാത്രം സൂക്ഷിച്ചു നോക്കി നില്‍ക്കുന്ന കണ്ണടവെച്ച ആവശ്യത്തിനു സൌദര്യമുള്ള തടിച്ച ലേഡി ക്യാഷ്യര്‍ ഏതോ പരിചയം കൊണ്ടു നോക്കിയതാണെന്നു ആദ്യം കരുതിയെങ്കിലും. തുടര്‍ന്ന് മാനേജറും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങിയപ്പോള്‍ സംഗതി ഏതാണ്ടുറപ്പായി..........
അകത്തു ക്യാബിനിലേക്കു വിളിക്കുന്നതിനു മുന്‍പ് കേറിച്ചെന്ന എന്നോട് വളരെ വിനയത്തോടെ കള്ളനു കുബസാരതെറ്റു തിരുത്തുന്ന പള്ളീലച്ചനെ പോലെ.....".ദയവായി ഇത്തരം നോട്ടുമായി ഇവിടേക്കു വരരുതെന്ന്" പറഞ്ഞു തുടങ്ങിയെങ്കിലും. ...ഇനി ഇതാവര്‍ത്തിച്ചാല്‍ പോലീസ്സിനെ വിളിക്കുമെന്നു പറഞ്ഞ് ഒരു നൂറിന്റെ നോട്ടെടുത്ത് നീട്ടിയത് തികച്ചും കവല ചട്ടമ്പി സ്റ്റയ്‌ലില്‍.
ദൈവമേ..കള്ളനോട്ടോ..?
നോട്ടെടുത്തു തിരിച്ചും മറിച്ചും നോക്കി ഒത്തനടുക്ക് ചെറിയകീറലുള്ള പുത്തന്‍ നൂറിന്റെ നോട്ട്...കര്‍ത്താവേ..ഇന്നലെ പൊറുഞ്ചേട്ടന്‍ പിരിവുതന്ന നോട്ടല്ലേ ഇതു......
നൂറിന്റെ വേറെ നോട്ടുകൊടുത്ത് പൈസ ഡെപ്പോസിറ്റു ചെയ്ത് ബാങ്കില്‍ നിന്നിറങ്ങിപ്പോന്നു വീട്ടിലെത്തിയിട്ടും പൊറുഞ്ചേട്ടന്‍ പറ്റിച്ചതിന്റെ വേദനയും ഒടുങ്ങാത്ത ദേഷ്യവും ആരോടെങ്കിലും പറഞ്ഞാല്‍ എനിക്കുതന്നെ കുറച്ചിലാകുമെന്നറിയാകുന്നതു കൊണ്ട് അടക്കി പിടിച്ചു. പിരിവുതന്നതിനു ശേഷം താങ്ങ്ക്സ് പറയാതെ ഇറങ്ങിയതു മാത്രമാണൊരു സമാധാനം.
വൈകുന്നേരമായിട്ടും മാനേജറുടെ സല്‍ക്കാരത്തിന്റെ ഹാങ്ങ്‌ഓവര്‍ മാറാതെ ഏങ്ങണ്ടിയൂറ്‍ സെന്ററില്‍ നടക്കുകയായിരുന്ന ഞാന്‍ പൊറുഞ്ചേട്ടന്റെ അനുജന്‍ ജോജ്ജിന്റെ ജൂസുകട കാണാനും അവിടെ കേറാനും തോന്നിയത് ഒരു നിമിത്തം മാത്രമായിരുന്നു.
എനിക്കും ഇടക്കതിലേ വന്ന ജോസ്സുട്ടിക്കും ഓരോ പഴം ജൂസ്സു പറഞ്ഞ് നടുക്കുകീറിയ പുത്തന്‍ നൂറിന്റെ നോട്ടുകൊടുത്തു ബാക്കി വാങ്ങി..........ജൂസ്സുകുടിച്ചു.......
ഈശ്വരാ .......ഈ പഴം ജൂസ്സിനു ഇത്രക്കു മധുരമോ......? ശരിയാ....നല്ലമധുരം കാര്യമറിയാതെ ജോസ്സുട്ടിയും സമ്മതിച്ചു തലകുലിക്കി.....