Friday, May 4, 2007

പുഷ്പു......

മുഖക്കുറിപ്പ്‌: ഇതൊരു കഥയോ...ഹാസ്യരചനയോ ഒന്നുമല്ല. വളരെ നാളുകള്‍ക്കുമുമ്പ്‌ ഏങ്ങണ്ടിയൂരില്‍ എനിക്കു പരിചയമുള്ള ഒരു വ്യക്തിയുടെ ചുരിങ്ങിയ കാലഘട്ടത്തിലുണ്ടായിട്ടുള്ള ചെറിയ ഒരു സംഭവമാണ്‌. വളരെ നാളുകള്‍ക്കു മുമ്പെന്നുപറയുമ്പോള്‍ രണ്ടാം ലോക മഹായുദ്ധം വരെയൊന്നും പോകേണ്ട. കിന്നാരത്തുമ്പികള്‍ നൂറുദിവസം തികച്ച്‌ ഷക്കീലചേച്ചി ഫെയ്മസായിനില്‍ക്കുന്ന ആകാലത്ത്‌...........


ഏങ്ങണ്ടിയൂരിലെ ഒരു പ്രശസ്ത തയ്യല്‍ക്കാരനായ കുട്ടപ്പേട്ടന്‍ തന്റെ ഭാര്യ തങ്കമണിയേയും മകന്‍ പുഷ്പുവിനേയും പുലര്‍ത്താന്‍ ഈ സ്വയം തൊഴിലുകൊണ്ടാകില്ല എന്നു കരുതിയാകണം എന്നും കേരളസര്‍ക്കാര്‍ ഭാഗ്യക്കുറി ശങ്കുരേട്ടന്റെ കയ്യില്‍ നിന്നും ഇടുത്തുതുടങ്ങിയത്‌.

തുന്നിക്കിട്ടുന്ന കാശിന്‌ തങ്കമണിക്കുള്ള നിര്‍മ്മ സോപ്പും, വികൊ ടെര്‍മറിക്‌ ക്രീമും വാങ്ങിയാല്‍ പിന്നെ തനിക്കുള്ള കാജാ ബിഡിക്കു പോലും പണം തികയാറില്ല.
അതിയാന്‍ കാജാ ബീഡി വാങ്ങിയില്ലെങ്കിലും തനിക്കു കാഞ്ചീപുരം വാങ്ങണമെന്ന ചിന്തയുമായിട്ടാണ്‌ തങ്കമണിയുടെ നടപ്പ്‌.......

കാലത്തു കാര്‍ത്ത്യായനീ ക്ഷേത്രത്തില്‍ സുപ്രഭാതം തുടങ്ങുന്നതിനുമുമ്പേ......അയല്‍പ്പക്കത്ത്‌ തങ്കമണിയുടെ പരദൂഷണം തുടങ്ങിയിട്ടുണ്ടാകും........... ഉച്ചപൂജക്കുമുമ്പേ ഒന്നുരണ്ടു പാര ആര്‍ക്കെങ്കിലുമിട്ടു പണിതിട്ടുണ്ടാകും.......വൈകീട്ടു ദീപാരാധനക്കുമുമ്പേ രണ്ടുമൂന്നു കുടുംബങ്ങളെങ്കിലും കലക്കാതിരിക്കില്ല.....അവിടെയെല്ലാം അടിപൊട്ടിയാലേ അന്നത്തെ ഉറക്കം തന്നെ ശരിയാകൂ......

ഈയിടെയായി തങ്കമണിക്ക്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പോരാത്തതിന്‌ തെക്കേലെ ജാനൂന്റെ മോള്‍ സ്കൂള്‍ കലോല്‍സവത്തിന്‌കലാതിലകമായി പത്രത്തില്‍ ഫോട്ടോ വന്നതില്‍ പിന്നെ തങ്കമണിക്കു ഭക്ഷണം പോലും വേണ്ടെന്നായി.


തങ്കമണിക്കിപ്പോള്‍ ഒറ്റ ചിന്തയേ ഉള്ളൂ..... തന്റെ പുഷ്പുവിന്റെയും കാലുപൊന്തിച്ചു നില്‍ക്കുന്ന പടം പത്രത്തില്‍ വരണം.

പിച്ചവെക്കുന്നതിനു മുമ്പേ കുച്ചിപുടിക്കുവിട്ടതെതായാലും നന്നായി...........ഭരതനാട്യവും മോഹിനിയാട്ടവും പഠിപ്പിക്കാന്‍ വിദ്യന്‍ മാഷെ ഏര്‍പ്പാടാക്കി......
മാര്‍ഗ്ഗം കളികുറച്ചു വശമുള്ളതിനാല്‍ അതിന്റെ ചുമതല തങ്കമണി സ്വയം ഏറ്റെടുത്തു.

നേരം ഇരുട്ടുന്നതു വരെയുള്ള പരിശീലനം വിദ്യന്‍മാഷിന്റെ വീട്ടല്‍ തന്നെയാണ്‌. മാഷിന്റെ ഭാര്യക്കു ചിലങ്കയുടെ ശബ്ദം അലര്‍ജ്ജിയായതിനാല്‍ അടുത്ത വീട്ടില്‍ നിന്നും സ്ത്രീ സീരിയലുകഴിഞ്ഞവരുവരുന്ന വരയേ പരിശീലനം ഉണ്ടാകാറുള്ളൂ.......ഏതാണ്ടീ നേരത്തു തന്നെയാണ്‌ മാതാഷാപ്പടക്കുന്നതും.......ഷാപ്പിനോടു ചേര്‍ന്നുള്ള കൈതമുക്ക്‌ സെന്ററിലെ ഇടവഴിയിലൂടെ കടന്നു വേണം പുഷ്പുവിന്‌ വീട്ടിലേക്കുപോകുവാന്‍..............


ഒരുദിവസം പരിശീലനം കഴിഞ്ഞു മടങ്ങുന്നനേരത്ത്‌ പാമ്പിനെ പേടിച്ച്‌ പുഷ്പു ചിലങ്ക അഴിച്ചില്ല. ഇന്നുപഠിച്ച ഭരതനാട്യത്തിന്റെ താളത്തില്‍ ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ എതിരേ മാതാഷാപ്പില്‍ നിന്നും സുനാമിയടിച്ചു നാട്ടുകാരെ ചീത്തവിളിച്ചു വരുന്ന വേലായുധേട്ടനെ അകലെനിന്നും ഇരുട്ടായതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. ഇത്രനാളും ചാരായം നിര്‍ത്തിയ ആന്റണിയെ തെറിവിളിച്ചിരുന്ന വേലായുധേട്ടനിപ്പോള്‍ മാതാഷാപ്പില്‍ സുനാമിവന്നതില്‍ പിന്നെ നാട്ടുകാരെയാണു തെറിവിളിക്കാറ്‌.................

താളത്തിലുള്ള ചിലങ്കയുടെ ശബ്ദം അകലെ നിന്നേ വേലായുധേട്ടന്‍ കേട്ടു.................അല്ലെങ്കിലെന്നും ചൂട്ടുകത്തിച്ചു വരാറുള്ള താനിന്നൊരു ബീഡിപോലും കരുതിയിട്ടില്ല.................തലയിലലതല്ലുന്ന സുനാമിത്തിരകള്‍ അപ്പോഴേക്കും പതിയേ ശാന്തമായിരുന്നു........
സ്വബോധം വീണ്ടെടുക്കാന്‍ പിന്നെയും കുറച്ചു സമയം വേണ്ടിവന്നു.....അപ്പോഴേക്കും ചിലങ്കയണിഞ്ഞ ഗന്ധര്‍വ്വരൂപം അടുത്തെത്താറായിക്കഴിഞ്ഞിരുന്നു...............
ഓടാന്‍ കഴിയുന്നില്ല കാലുകള്‍ തളര്‍ന്നു പോയിരിക്കുന്നു. ഒച്ചവെച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല.....എവിടെനിന്നോ കിട്ടിയ ഇത്തിരി ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ പിന്തിരിഞ്ഞോടി........ഇരുട്ടായതിനാല്‍ ഓടിക്കേറിയതോ.....കൈതച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന മുള്‍ക്കാട്ടിലേക്ക്‌...ഉണ്ടായിരുന്ന കുറച്ചു ബോധവും അതോടെ പോയി.....


പിറ്റേന്ന് പുലര്‍ച്ചക്കു കറവക്കാരന്‍ ശങ്കരേട്ടന്‍ വിളിച്ചെഴുന്നേല്‍പ്പിക്കുന്നതുവരെ അതേ കിടപ്പവിടെ കിടന്നു. വൈകാതെ തന്നെ വേലായുധേട്ടന്‍ ഗന്ധര്‍വ്വനെ കണ്ടകാര്യം എല്ലാരുമറിഞ്ഞു.......
പുഷ്പു ഇതുകേട്ട്‌ മൂക്കത്തു വിരല്‍ വച്ചുപോയി.........
ഈശ്വരന്മാരേ... ഇന്നലെ രാത്രി ഞാനും ആവഴിയിലൂടെ പോയതല്ലെ !! ഭാഗ്യത്തിനാ ഗന്ധര്‍വ്വന്മാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത്‌....!!!!!

പുഷ്പുഅതിനുശേഷം നൃത്തപരിശീലന ടൈമ്മിങ്ങില്‍ കുറച്ചുമാറ്റങ്ങള്‍ വരുത്തി..................


പുഷ്പുവിപ്പോള്‍ നന്നായി തരികിടതോം കളിക്കും.....ആ മുഖത്ത്‌ നാണത്തോടെയുള്ള ശ്രിങ്കാരം സദാസമയം തളം കെട്ടിനിന്നില്‍ക്കുന്നു.....ആരെയും ഇടം കണ്ണിട്ടേ നോക്കാറുള്ളൂ...ഇതിനിടയില്‍ വലത്തോട്ടുനോക്കി ഇമവെട്ടി മുഖം ഇടത്തോട്ടുതിരിച്ച്‌ ചുണ്ടുകള്‍ക്കൂട്ടി നാണത്തോടെ പുഞ്ചിരിക്കാനും നന്നായറിയും......പുഞ്ചിരിച്ചോടിമാറുന്നതിനിടയില്‍ ശരീരത്തിലരക്കുമുകളിലെ ആ കൈകള്‍ മാത്രമേ ചലിക്കാറുള്ളൂ.........


കലോല്‍സവത്തില്‍ മോഹിനിയാട്ടത്തിനിടക്ക്‌ പുറം കടിച്ചു ചൊറിയേണ്ടിവന്നതിലാണോ...അതോ....കുച്ചിപ്പുടിക്കിടയില്‍ കാലില്‍ ഉറുമ്പു കടിച്ചതുകൊണ്ടാണോ എന്നറിയില്ല. കലാതിലകമാകാന്‍ പുഷ്പുവിനുകഴിഞ്ഞില്ല.....!!
പുഷ്പുവിനേക്കാളേറെ ദുഖം തങ്കമണിക്കാണ്‌.......പത്രത്തില്‍ പുഷ്പുവിന്റെ പടം വരുന്നതു സ്വപ്നം കണ്ടിരിക്കാന്‍ തുടഞ്ഞിയിട്ടെത്രനാളായി.....ഇനിയാ ജാനുവിന്റെ മുഖത്തെങ്ങനെ നോക്കും......!!!!


ഈയിടക്കാണ്‌ ചിത്രഭൂമിയില്‍ പുതിയസിനിമയിലേക്ക്‌ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നും, നൃത്തമറിയുന്നവര്‍ക്ക്‌ മുന്‍ഗണന എന്നുള്ളത്‌ തങ്കമണി വായിക്കാനിടയായത്‌. അതില്‍ പിന്നെ പത്രത്തിലല്ല ടിവിയില്‍ പുഷ്പു കാലുപൊക്കി നൃത്തം വക്കുന്നതു കാണണമെന്നായി തങ്കമണിക്ക്‌.


നാളെകാലത്ത്‌ കോഴിക്കോട്‌ നന്ദനം ലോഡ്‌ജിലാണ്‌ ഇന്റര്‍വ്യൂ.........
വടക്കോട്ട്‌ ഗുരുവായൂരിനപ്പുറം ഇതുവരെ കണ്ടിട്ടില്ലാത്ത പുഷ്പു സിനിമ മനസ്സിലും അഭിനയിക്കുന്നത്‌ സ്വപ്നവും കണ്ട്‌ കോഴിക്കോട്ടേക്കുള്ള പാസ്റ്റ്‌ പാസഞ്ജറില്‍ കേറിപുര്‍പ്പെട്ടു............


കോഴിക്കോട്ട്‌ ബസ്റ്റാണ്ടില്‍ ഇറഞ്ഞിയതുമുതല്‍ക്കേ ആളുകളുടെ ചോര കുടിക്കുന്ന നോട്ടം കണ്ട്‌ പുഷ്പു മനസ്സില്‍ പറഞ്ഞു......"കശ്മലന്മാര്‍ അമ്മയും പെങ്ങന്മാരും ഒന്നും ഇല്ലേ നിങ്ങള്‍ക്ക്‌".......!!!!!!


ബസ്റ്റാന്റില്‍ നിന്നും ഓട്ടോ സ്റ്റാന്റിലേക്കു കടക്കുന്ന വഴിയുടെ വളവിലെത്തിയപ്പോള്‍........ഒരു പച്ച സിലോക്കാര്‍ പുഷ്പുവിന്റെ മുന്നില്‍ വന്നു ചവിട്ടി....ചുവന്നുതുടുത്ത മൂന്നു മസിലുള്ള ചെറുപ്പക്കാരതിലിരിക്കുന്നു.....!!
" എവിടേക്കാണ്‌.."!! ഡ്രൈവ്വുച്ചെയ്യുന്ന താടിവെച്ചയാള്‍ പുഷ്പുവിനോടുചോദിച്ചു......
" നന്ദനം ലോഡ്‌ജിലേക്ക്‌......"
" എന്നാല്‍ കേറിക്കോളൂ....... ഞങ്ങളും അങ്ങോട്ടാ....!!!!"
പുഷ്പുവിനു ചിന്തിക്കാന്‍ വേറൊന്നുമുണ്ടായില്ല. ഇത്രക്കു നല്ല ആളുകളാണോ...കോഴിക്കോട്ടുകാര്‍......?

പിന്‍വാതില്‍ തുറന്ന് കയ്യിലിരിക്കുന്ന ചെറിയ ബാഗോടെ പുഷ്പു വണ്ടിയിലേക്കിരുന്നു....ഇവരെകണ്ടിട്ട്‌ ഇവരും സിനിമയിലേക്കു പോകുന്നവരാണെന്നു തോന്നുന്നു.......ചുണ്ടുകള്‍കൂട്ടിപിടിച്ച്‌ പുഷ്പു നന്നായവരോടു പുഞ്ചിരിച്ചു...


എന്നാല്‍ കോഴിക്കോട്ടുകാരെക്കുറിച്ച്‌ ഇതുവരെ ധരിച്ചുവച്ചിരുന്ന ധാരണകളെല്ലാം തകര്‍ക്കുന്ന രീതിയിലായിരുന്നു തുടര്‍ന്നുള്ള അവരുടെ പ്രതികരണം.

അവസാനം തന്റേതുമാത്രമായ നഖങ്ങളും പല്ലും ഉപയോഗിച്ച്‌ പൊരുതി കാറിന്റെ ഡോര്‍ തുറന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ടു പുറത്തിറങ്ങി സ്റ്റാന്റിലേക്കോടി.........വന്ന ബസ്സതാ തിരിച്ചു പുറപ്പെടാന്‍ റെഡിയായിനില്‍ക്കുന്നു....
ഒന്നും ചിന്തിച്ചില്ല അതില്‍ കേറിയിരുന്നു. അന്നത്തോടെ പുഷ്പുവിന്റെ സിനിമാ സ്വപ്നങ്ങളും അസ്തമിച്ചു........


ഈയിടക്കാണ്‌ ശങ്കുരേട്ടന്റെ കയ്യില്‍ നിന്നെടുത്ത കേരളസര്‍ക്കാര്‍ ഭാഗ്യക്കുറിയില്‍ കുട്ടപ്പേട്ടന്‌ ഒന്നരലക്ഷം രൂപയടിച്ചത്‌. ഓട്ടോക്കാരന്‍ സുകുവേട്ടന്റെ ഉപദേശം പുഷ്പുവിനുകിട്ടുന്നതും ഈനേരത്തു തന്നെ. ആല്‍ബങ്ങളെല്ലാം കത്തിനില്‍ക്കുന്ന ഈ സമയത്ത്‌ സ്വന്തമായിട്ടൊരാല്‍ബമിറക്കുക....!!!
തങ്കമണിയുടെ സപ്പോര്‍ട്ടോടെ പുഷ്പു വിവരം കുട്ടപ്പേട്ടനെ ധരിപ്പിച്ചു. അവസാം, ആല്‍ബത്തിനുവേണ്ടി ലോട്ടറി അടിച്ചതിന്റെ പകുതിചിലവാക്കാന്‍ കുട്ടപ്പേട്ടന്‍ തയ്യാറായി...........


അഭിനയവും സംവിധാനവും സ്വന്തമായി ചെയ്യാം അതിനു ചിലവില്ല. ആല്‍ബനിര്‍മ്മാരണാര്‍ത്ഥം പുഷ്പു എന്ന പേരുമാറ്റി പുയൂഷ്‌ എന്നാക്കി. കാമറാമേനായി അത്യാവശം കല്ല്യാണങ്ങള്‍ക്കൊക്കെ ലൈറ്റു പിടിച്ചു പരിചയമുള്ള കിഷോറിനെ ഏര്‍പ്പാടാക്കി. ഗാനാലാപനത്തിനായി പള്ളിയിലത്യാവശം പാടിപരിചയമുള്ള തോമസിനെ പിടിച്ചു. ഗാനരചനയും കമ്പോസ്സിഗും ആള്‍തന്നെയേറ്റു.അതുവരെ മന്നിങ്ങ തോമാസെന്നറിയപ്പെട്ടിരുന്ന തോമാസ്സും പേരുമാറ്റി...തോംസണ്‍ ഏങ്ങണ്ടിയൂരായി........

ഇനിയൊരു നടിയെ കിട്ടണം. അതിനു ഓട്ടോക്കാരന്‍ സുകുവേട്ടനെ തന്നെ ഏര്‍പ്പാടാക്കി.......രണ്ടുദിവസത്തിനകം തന്നെ സുകുവേട്ടന്‍ നടിയെ ഒപ്പിച്ചു. കോട്ടയംകാരി വസന്ത.


പ്രായമിത്തിരി ഓവറാണെങ്കിലും സുകുവേട്ടനു നേരത്തേ പരിചയമുള്ളതുകൊണ്ടും ഈ ബഡ്‌ജറ്റിനിത്രക്കേ കഴിയൂ എന്നുള്ളതുംകൊണ്ട്‌ വസന്തയെ തന്നെ ഫിക്സ്സുചെയ്തു........
മൊബൈലില്‍ വിളിച്ച്‌ കാര്യങ്ങള്‍ എല്ലാം സംസാരിച്ച്‌ ഷൂട്ടിംഗ്‌ ഡെറ്റ്‌ ബുക്ക്‌ ചെയ്തു.


വിചാരിച്ചതിലും നേരത്തേ ഗാനരചനയും കമ്പോസ്സിംഗുമെല്ലാം പൂര്‍ത്തിയായി. .......പുലര്‍ച്ചക്കു ഗുരുവായൂരമ്പലത്തില്‍ പൂജകഴിച്ചു വേണം ഷൂട്ടിംഗ്‌ തുടങ്ങാന്‍......അതുകൊണ്ട്‌ ഗുരുവായൂരില്‍ ലോഡ്‌ജെടുത്ത്‌ ഷൂട്ടിംഗിന്റെ തലേന്നു വസന്തയെ അവിടെ കൊണ്ടുവന്നു താമസിപ്പിച്ചു.....


പിയൂഷിനു നാളത്തെ ഷൂട്ടിംഗിനെ കുറിച്ചാലോചിച്ച്‌ രാത്രികിടന്നിട്ടുറക്കം വരുന്നില്ല......തിരിഞ്ഞും മറിഞ്ഞും ഓരോന്നു സ്വപ്നം കണ്ടിരിക്കുന്നനേരത്ത്‌ മൊബെയില്‍ അടിക്കുന്ന ശബ്ദം കേട്ടാരാണെന്നെടുത്തു നോക്കി...........
" വസന്താ മേഡം.." എന്താണാവോ ഈരാത്രിയില്‍ ചിലപ്പോള്‍ നാളത്തെ ഷൂട്ടിംഗിനെ കുറിച്ചെന്തെങ്കിലും അറിയാനായിരിക്കും...!!!!
"ഹലോ...... പിയൂഷ്‌ സാറല്ലേ".....?
"അതേ......എന്താണു മേഡം ഈ രാത്രിയില്‍"..?
" സാര്‍.. പറ്റുമെങ്കില്‍ ഈ ലോഡ്‌ജിലോട്ടിപ്പോഴൊന്നു വരണം അത്യാവശ്യമാണ്‌"......!!!
ഹലോ... ഹലോ........ഛെ...കട്ടാക്കിയോ........എന്താണിത്രക്കത്യാവശ്യം.....തിരിച്ചു വിളിച്ചിട്ടെടുക്കുന്നുമില്ലല്ലോ......?


പീയൂഷ്‌ വേഗം തന്നെ ഷര്‍ട്ടെല്ലാം മാറി .....ഗുരുവായൂര്‍ക്കു പോകാനായി സുകുവേട്ടനെ വിളിച്ചു....... സുകുവേട്ടനും മൊബെയില്‍ എടുക്കുന്നില്ല...അവസാനം വടക്കേലെ മധുവിനെ ഉറക്കത്തില്‍ നിന്നും ഒരുവിധം എഴുന്നേല്‍പ്പിച്ച്‌ അവന്റെ ഓട്ടോയില്‍ ഗുരുവായൂര്‍ക്കു തിരിച്ചു............


ലോഡ്‌ജിലെത്തിയപ്പോള്‍ തന്റെ ആല്‍ബത്തിലുള്ള എല്ലാവരും റിസപ്ഷനില്‍ നില്‍ക്കുന്നു....സുകുവേട്ടനും,തോമസ്സും,കിഷോറും എല്ലാവരുമുണ്ട്‌. ഇവരിത്രക്കു വേഗം എല്ലാം സെറ്റുചെയ്തോ.....? ഇവരെന്തിനാ തലകുമ്പിട്ടു നില്‍ക്കുന്നത്‌..........ആരും ഒന്നും മിണ്ടുന്നില്ലല്ലോ........?

ആല്‍ബം പിടിക്കുന്നതിനെന്തിനാ......പോലീസ്സുകാരിവിടെ....?


അന്തര്‍ദേശീയ പെണ്‍വാണീഭ സംഘത്തെ പിടിച്ച്‌ അതിലെ അംഗസഖ്യ കൂട്ടാന്‍ കാത്തിരുന്ന ഗുരുവായൂര്‍ ഹെഡ്‌കോണ്‍സ്റ്റബിളിന്‌ പിയൂഷിന്റെ കടന്നു വരവ്‌ തികച്ചും ആഹ്ലാദജനകമായിരുന്നു....
എന്തെങ്കിലും മനസ്സിലാകുന്നതിലും മുമ്പേ....പിയൂഷിനെയും കൂട്ടത്തില്‍ നിറുത്തി ഒരാള്‍ വന്നു പടമെടുത്തു..........തങ്കമണിയുടെ ആഗ്രഹം പോലെ പത്രത്തിന്റെ ഒന്നാം പേജില്‍ കാലുപൊന്തിച്ചുനില്‍ക്കുന്ന ഫോട്ടോവന്നില്ലെങ്കിലും പിറ്റേന്നത്തെ എല്ലാപത്രത്തിലും മൂന്നാം പേജില്‍ പിയൂഷിന്റെ കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഫോട്ടോ വന്നു........
-ശുഭം-